ktda

2 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

കാട്ടാക്കട: ടൗണിൽ പൂജാസാധനങ്ങൾ ഹോൾസെയിലായി വിൽക്കുന്ന കടയിൽ വൻതീപിടിത്തം. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കടയിലുണ്ടായിരുന്ന പണം, കമ്പ്യൂട്ടറുകൾ, ബൈക്ക് എന്നിവ നശിച്ചു. രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മുടിപ്പുര ജംഗ്ഷനിൽ നിന്ന് ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിലേക്ക് പോകുന്ന വഴിയിലുള്ള മഹാലക്ഷ്മി ഏജൻസീസും മിൽമ ഗോഡൗണുമാണ് പൂർണമായും കത്തിനശിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പൂജാ സാധനങ്ങൾ ഹോൾസെയിലായി എത്തിക്കുന്ന സ്ഥാപനമാണ് മഹാലക്ഷ്മി ഏജൻസീസ്. രണ്ടു സ്ഥാപനങ്ങളും വിജയമൂർത്തിയെന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. കാട്ടാക്കട, ചെങ്കൽചൂള തിരുവനന്തപുരം നിലയം, നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കടയുടെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കാട്ടാക്കട ജംഗ്ഷനിലെ കടക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഇവർ പൊലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിക്കുകയുമായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ നിന്നോ മറ്റോ ഉള്ള ഷോർട്ട് സർക്ക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കർപ്പൂരം, ചന്ദനത്തിരി, എണ്ണ, നെയ്യ്, പൂജയ്ക്കുള്ള തുണികൾ ഉൾപ്പെടെയുള്ളവയാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രവർത്തിച്ചിരുന്ന മിൽമയുടെ വിതരണ ഏജൻസിയുടെ ഫ്രീസറുകളും കത്തി നശിച്ചു.

കടയുടെ മുൻഭാഗത്ത് തീപടർന്നതിനാൽ ഇരുമ്പ് ഷീറ്റ് കൊണ്ടുള്ള ചുറ്റുമതിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയാണ് ഫയർഫോഴ്സ് കടയ്ക്കുള്ളിലേക്ക് കടന്നത്. കെട്ടിടവും പൂർണമായി കത്തി. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കാനായതിനാൽ വൻ അപകടം ഒഴിവായി. കാട്ടാക്കട പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.

മഹാലക്ഷ്മി ഏജൻസിയുടെ മുന്നിലായി ഉണ്ടായിരുന്ന വൈദ്യുത പോസ്റ്റിൽ നിരവധി കേബിളുകൾ പോയിട്ടുണ്ട്. ഇതിൽ നിന്ന് പലതവണ തീപ്പൊരി ഉണ്ടായിട്ടുള്ളതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. ഇക്കാര്യം കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

ഫോട്ടോ: തീയണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്