വിഴിഞ്ഞം: ഹാർബർ റോഡിൽ കോസ്റ്റ് ഗാർഡ് സ്റ്റേഷന് മുന്നിലെ റേഷൻ കട കുത്തിതുറന്ന് മോഷണം നടന്നതായി പരാതി. ബി.എം. സുധീർ നടത്തുന്ന കടയുടെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 800 രൂപ കവർന്നെന്നാണ് പരാതി. ഇവിടെ മുൻപും മോഷണശ്രമം നടന്നിട്ടുണ്ടെന്നും അന്ന് പൂട്ട് അറുത്തുമാറ്റിയതല്ലാതെ മറ്റ് നഷ്ടങ്ങൾ സംഭവിച്ചിരുന്നില്ല. ഹാർബർ റോഡിൽ സ്ഥിരമായി മോഷണം നടക്കാറുണ്ട്.
രണ്ടാഴ്ച മുമ്പ് ടൗൺഷിപ്പിന് സമീപത്തെ മറ്റൊരു റേഷൻ കടയിൽ രണ്ടുതവണ മോഷണം നടന്നു. സമീപത്തെ കടകളും ബേക്കറികളും കേന്ദ്രീകരിച്ചും മോഷണശ്രമം പതിവാണ്. എന്നാൽ മറ്റ് നഷ്ടങ്ങൾ സംഭവിക്കാത്തതിനാൽ ആരും പരാതി നൽകിയിരുന്നില്ല. ഇവിടെ പൊലീസ് പട്രോളിംഗ് വേണമെന്നാണാവശ്യം. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.