കുളത്തൂർ: രണ്ടു ദിവസമായി തോരാതെ പെയ്ത മഴയിൽ ഐ.ടി നഗരത്തിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളിൽ വെള്ളം കയറി. തോടുകളിലും റോഡുകളിലും ഒരുപോലെ വെള്ളം നിറഞ്ഞതോടെ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാതെ വലഞ്ഞു.
കുളത്തൂർ എസ്.എൻ നഗറിൽ15ലേറെ വീടുകളിൽ വെള്ളം കയറി. ഒരു വീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. വീടുകളിലെ ഫർണിച്ചറുകൾക്കും വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. കഴക്കൂട്ടം പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. തെറ്റിയാൽ തോട് കര കവിഞ്ഞതോടെ സമീപത്തെ ജനവാസ മേഖല വെള്ളപ്പാെക്ക ഭീഷണിയിലായി.
ഇൻഫോസിസിനു സമീപത്തെ സർവീസ് റോഡുകൾ, പൗണ്ടുകടവ് വാർഡിലെ 40 അടിപ്പാലം, കുളത്തൂർ കോരാളംകുഴി, പുളിമുട്ടം, നെടുമൺ, ആറ്റിപ്ര, കിഴക്കുംകര, അരശുംമൂട്, ആറ്റിൻകുഴി, കഴക്കൂട്ടം മേൽപ്പാലം, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ റോഡ്, അമ്മൻ കോവിൽ റോഡ്, വെട്ടുറോഡ്, കുമിഴിക്കര, വടക്കുംഭാഗം, കരിയിൽ, പുല്ലാട്ടുക്കരി തുടങ്ങിയ ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.
ശ്രീകാര്യം വാർഡിലെ ചാവടിമുക്ക്, തലയിൽകോണം പ്രദേശത്തെ അഞ്ചു വീടുകളിലും വെള്ളം കയറി. പൗഡിക്കോണം, ഞാണ്ടൂർക്കോണം, കാട്ടായിക്കോണം, ചെല്ലമംഗലം, ചന്തവിള തുടങ്ങിയ നഗരസഭ വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളും ഇട റോഡുകളും മുങ്ങി. ഇന്നലെ ഉച്ചയോടെ മഴയുടെ തീവ്രത കുറഞ്ഞതിനാൽ വെള്ളം ഇറങ്ങിതുടങ്ങി. രാത്രിയിൽ മഴ ശക്തമായാൽ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.
ക്യാപ്ഷൻ: ശക്തമായ മഴയിൽ തകർന്ന മതിൽ