
കോവളം: പുല്ലൂർകോണം തിയേറ്റർ ജംഗ്ഷനിലെ പെയിന്റ് കടയ്ക്ക് തീ പിടിച്ചു. അമ്പലത്തറ അർച്ചനയുടെ ഉടമസ്ഥതയിലുള്ള ന്യൂ കളർ സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരന്നു സംഭവം. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് കടയുടെ തൊട്ടു മുകളിൽ താമസിക്കുന്നവരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സെത്തി കടയുടെ വശത്തെ ഗ്ലാസ് തകർത്ത് അകത്ത് കയറി തീ നിയന്ത്രിച്ചു. വീണ്ടും പുക ഉയർന്നതോടെ ചാക്ക, ചെങ്കൽ ചൂള, പൂവാർഎന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ ഫോഴ്സ് എത്തി. കടയുടെ മുൻവശത്തെ ഷട്ടർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി ഉള്ളിൽ കടന്ന് തീ പൂർണമായും അണച്ചു. കടയ്ക്കുള്ളിലെ സി.സി.ടി.വി യും കമ്പ്യൂട്ടറും ബന്ധിപ്പിച്ചിരുന്ന മോഡം അമിതമായി ചൂടായി കത്തി അതിൽ നിന്നും ക്യാബിനിലേക്ക് തീ പടരുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. കടയിൽ പുക നിറഞ്ഞിരിക്കുന്നതിനാൽ നഷ്ടം കണക്കാക്കാനായിട്ടില്ല. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ അജയ് .ടി.കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ അലി അക്ബർ എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.