തിരുവനന്തപുരം: വനംവകുപ്പിന്റ തോട്ടങ്ങളിൽ യൂക്കാലി നട്ടുവളർത്താൻ വനം വികസന കോർപ്പറേഷന് നൽകിയ വിവാദ അനുമതി പിൻവലിച്ചേക്കും. സർക്കാരിന്റെ വനം നയത്തിനു വിരുദ്ധമായി വനംവകുപ്പ് മേധാവി നൽകിയ അനുമതിക്കെതിരേ സി.പി.ഐയും പരിസ്ഥിതി സംഘടനകളും എത്തിയതോടെയാണ് പിന്മാറ്റം. നടപടി പുനഃപരിശോധിക്കുമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ജലം കൂടുതൽ വലിച്ചെടുത്ത് പരിസ്ഥിതി ദോഷമുണ്ടാക്കുന്ന യൂക്കാലി, അക്കേഷ്യ, സെന്ന തുടങ്ങിയ അധിനിവേശ മരങ്ങൾ നടുന്നത് എൽ.ഡി.എഫ് നയരേഖ പ്രകാരം 2021ൽ വിലക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ജോർജി പി. മാത്തച്ചന്റെ ശുപാർശയിൽ വനംവകുപ്പ് മേധാവി അനുമതി നൽകിയത്.
സർക്കാരിന്റെ വിലക്കിനു മുമ്പേ കെ.എഫ്.ഡി.സി നൽകിയ നിർദ്ദേശം 2022ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്നും 2024-25ലേക്കു മാത്രമാണ് യൂക്കാലി നടാൻ അനുമതിതെന്നുമായിരുന്നു കെ.എഫ്.ഡി.സി വാദം. നെല്ലിയാമ്പതി, ഗവി, മൂന്നാർ എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ മുറിച്ചതിന് പകരമാണ് യൂക്കാലി നടുന്നതെന്നും, യൂക്കാലി മരം ലഭിച്ചില്ലെങ്കിൽ കേരള പേപ്പർ പ്രോക്ട്സ് പോലുള്ള സംരംഭങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഈ പദ്ധതി കെ.എഫ്.ഡി.സി നിർദ്ദേശം അംഗീകരിക്കാനുള്ള ഉന്നതാധികാര സമിതിയും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബി.എൻ. അഞ്ജൻ കുമാറും തള്ളിയിരുന്നു. ഫലവൃക്ഷങ്ങളും ജൈവവ്യവസ്ഥയ്ക്കു ചേർന്ന സസ്യങ്ങളും നടാനാണ് നിർദ്ദേശിച്ചത്.
പിന്നാലെ കേരള പേപ്പർ പ്രോഡക്ട്സ് അസംസ്കൃത വസ്തു ക്ഷാമം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയ്ക്കൊപ്പം എം.ഡി ജോർജി പി. മാത്തച്ചൻ വീണ്ടും കത്ത് നൽകി യൂക്കാലി നടാൻ അനുമതി വാങ്ങുകയായിരുന്നു. അധിനിവേശ മരങ്ങൾ പരിസ്ഥിതി നാശമുണ്ടാക്കി വന്യജീവികൾ നാട്ടിലിറങ്ങുന്നത് വർദ്ധിപ്പിക്കുമെന്നും അനുമതി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകി.
29ന് തീരുമാനമെന്ന് ലതിക സുഭാഷ്
29ന് കെ.എഫ്.ഡി.സി ജനറൽ ബോഡി അന്തിമ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ ലതിക സുഭാഷ് കേരള കൗമുദിയോട് പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡി.എഫ് നയത്തിന് വിരുദ്ധമായ ഒന്നും ചെയ്യില്ല.