hi

വെഞ്ഞാറമൂട്: വെമ്പായം തേക്കടയിൽ ഹാർഡ്‌വെയർ സ്ഥാപനം കത്തി നശിച്ചു. എൺപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തേക്കട ആദിൽ മൻസിലിൽ നുജുമിന്റെ ഉടമസ്ഥതയിലുള്ള എൻ.എസ്. ട്രേഡേഴ്‌സിലാണ് അഗ്നിബാധയുണ്ടായത്. വീടിനോട് ചേർന്നാണ് കടയും പ്രവർത്തിക്കുന്നത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ പ്ലാസ്റ്റിക് കത്തുന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടമ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള കടയിലെ സി.സി.ടി.വിയുടെ സ്‌ക്രീനിൽ നോക്കിയപ്പോഴാണ് കടയിലെ അഗ്നിബാധ കണ്ടത്. തുടർന്ന് നെടുമങ്ങാട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അവർ എത്തിയപ്പോഴേക്കും തീ കടയുടെ മുകൾ നിലയിലേക്കും വ്യാപിച്ചിരുന്നു. തുടർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതോടെ വെഞ്ഞാറമൂട്, ചാക്ക എന്നിവിടിങ്ങളിലെ അഗ്നിരക്ഷാ സേനയുടെ സഹായം കൂടി തേടുകയായിരുന്നു. ആറ് മണിക്കൂർ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കടയിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു.