തിരുവനന്തപുരം: വേലിയേറ്റ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കൊച്ചി വൈപ്പിൻ നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിന്റെ(ടി.ഐ.എസ്.എസ്) നേതൃത്വത്തിൽ നടത്തിയ സെമിനാർ ശ്രദ്ധേയമായി. വൈപ്പിനിലെ വെള്ളക്കെട്ടിന്റെ ഭീകരത അനുഭവിച്ച സ്ത്രീകൾ തമ്പാനൂർ എസ്.എസ്.കോവിൽ റോഡിൽ നടന്ന സെമിനാറിൽ പങ്കാളികളായി. തകർന്നുവീണ വീടുകളെപ്പറ്റിയും വീട്ടിൽ കയറുന്ന ഡ്രെയിനേജ് മാലിന്യത്തെപ്പറ്റിയുമുള്ള പലരുടെയും അനുഭവങ്ങൾ വേദനാജനകമായിരുന്നു.
ടി.ഐ.എസ്.എസിലെ സെന്റർ ഫോർ ഹാബിറ്റാറ്റ് സ്റ്റഡീസ് പ്രൊഫസർ ഡോ.മഞ്ജുള ഭാരതിയുടെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക്, ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധയായ ഡോ. കെ.ജി. താര, ശുചിത്വമിഷൻ മുൻ ഡയറക്ടർ ഡോ. അജയകുമാർ വർമ്മ, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബിന്ദു സാജൻ സംവിധാനം ചെയ്ത ജലജീവിതം-സ്ത്രീസാക്ഷ്യങ്ങൾ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്റ്റ്, ടി.ഐ.എസ്.എസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ വൈപ്പിനിൽ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. വെള്ളപ്പൊക്കത്തിന്റെ തീവ്രത വിലയിരുത്താൻ കമ്മ്യൂണിറ്റി മാപ്പിംഗ് നടത്തിയിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാൻ കമ്മ്യൂണിറ്റി വീഡിയോ മേക്കിംഗും അവർ നടത്തി.
പരമ്പരാഗത വിജ്ഞാനമാണ് ഇത്തരം ദുരന്തങ്ങൾക്കുള്ള പരിഹാരം. പങ്കാളിത്ത ആസൂത്രണം നടത്തണം. ഒരു മാതൃകാ പുനഃരധിവാസപദ്ധതി പ്രദേശവാസികളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചാൽ പ്രശ്നത്തിന് താത്കാലികമായി ആശ്വാസമാകും
ഡോ. തോമസ് ഐസക്
മുൻ മന്ത്രി