മലയിൻകീഴ്: ശക്തമായ മഴയിൽ വിളവൂർക്കൽ വേങ്കൂർ വിലാസിനിഅമ്മയുടെ വീട്ടിലേക്ക് സമീപ വാസിയുടെ മതിലിന്റെ കരിങ്കല്ലും മണ്ണും ഒലിച്ചിറങ്ങി അപകട ഭീഷണി ഉയർത്തുന്നു. മതിലിന്റെ അടിഭാഗം പൂർണമായും വീട്ടിലേക്ക് പതിച്ചു. എപ്പോൾ വേണമെങ്കിലും മതിൽ ഇടിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ്.
അഞ്ച് ലോഡിലേറെ കരിങ്കല്ലും മണ്ണുമാണ് പതിച്ചത്. വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിമുരളിയുടെ നേതൃത്വത്തിലെത്തിയ പഞ്ചായത്ത് അധികൃതർ വിലാസിനിയുടെ കുടുംബത്തോട് അഗതിമന്ദിരത്തിലേക്ക് താമസം മാറാൻ ആവശ്യപ്പെട്ടു. വിലാസിനിയുടെ മകന്റെ ഒന്നിലും രണ്ടിലും പഠിക്കുന്ന മക്കളുൾപ്പെടുന്ന കുടുംബത്തോടൊപ്പം മാറി താമസിക്കുന്നത് ബുദ്ധിമുട്ടാണെന്നും, അപകടസാദ്ധ്യത നേരത്തെ തന്നെ സമീപവാസിയോട് അറിയിച്ചിരുന്നെന്നും വിലാസിനി അമ്മ പറഞ്ഞു. ആകെയുള്ള ഒൽപത് സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചിട്ടുള്ളത്.
ഈ വീട് തകർന്നാൽ കിടക്കാനിടമില്ലാത്ത അവസ്ഥയിലാണ് വിലാസിനിഅമ്മയും കുടുംബവും.