
കഴക്കൂട്ടം: മംഗലപുരത്ത് എൽ.പി.ജി പാചക വാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. വാതകച്ചോർച്ച ഉണ്ടാകാതിരുന്നതിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ മംഗലപുരത്തിനടുത്തെ കുറക്കോട് പെട്രോൾപമ്പിന് സമീപത്തായിരുന്നു അപകടം.
കൊച്ചിയിൽ നിന്നും തിരുനെൽവേലിയിലേക്ക് പോവുകയായിരുന്നു വാഹനം. ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ വഴി തെറ്റി സർവീസ് റോഡിലേക്കെത്തിയ ലോറി മഴയെ തുടർന്ന് മണ്ണിൽ പുതയുകയും താഴ്ന്നു മറിയുകയുമായിരുന്നു. വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ ഡ്രൈവർ എറ്റിക്കൺ പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. ലോറി ഉയർത്താൻ ക്രെയിൻ ലഭിക്കുമോ എന്ന് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. രാവിലെ ഏഴരയോടെ വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു.
മുൻകരുതലെന്നോണം സമീപ പ്രദേശത്തെ വൈദ്യുതി വിച്ഛേദിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അരക്കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ ഗ്യാസ് അടുപ്പ് കത്തിക്കരുതെന്നും ഇൻവേർട്ടർ പ്രവർത്തിപ്പിക്കരുതെന്നും മുന്നറിയിപ്പും നൽകി. വൈകിട്ടോടെ പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിൽ നിന്നെത്തിയ സംഘം രാത്രിയോടെ വാതകം മറ്റു വണ്ടികളിലേക്ക് മാറ്രി.