തിരുവനന്തപുരം: നികുതി വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിംഗിന് ആറ് ദിവസത്തെ റസിഡൻഷ്യൽ ട്രെയിനിംഗ്. എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പരിശീലനത്തിന് പോകുമ്പോൾ റോഡിലെ പരിശോധന ഈ ദിവസങ്ങളിൽ ഇല്ലാതാവും. നികുതി വെട്ടിപ്പുകാർക്ക് സൗകര്യവും സർക്കാരിന് വരുമാന നഷ്ടവും ഫലം.
ഇന്ന് മുതൽ 25 വരെ എറണാകുളം രാജഗിരി സ്‌ക്കൂൾ ഓഫ് എൻജിനിയറിംഗ് ടെക്‌നോളജിയിലാണ് പരിശീലനം. ഇതിനുള്ള ആകെ ചെലവ്
46.65 ലക്ഷം. 38.10 ലക്ഷം താമസത്തിനും 4.15 ലക്ഷം ട്രെയിനിംഗ് ഹാളിനും ചെലവാകും. യാത്ര ചെലവിന് 2 ലക്ഷവും ക്ലാസ് എടുക്കുന്നവർക്ക് 2.30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനറി വാങ്ങിക്കാൻ 10,000 രൂപയും അനുവദിച്ചു. ഒന്നിച്ച് പരിശീലനം നൽകുമ്പോൾ ചെലവ് ചുരുക്കാം എന്ന കണക്കുകൂട്ടലിലാണ് ഒരുമിച്ച് ട്രെയിനിംഗ് നടത്താൻ ധനമന്ത്രി ബാലഗോപാൽ നിർദ്ദേശിച്ചത്.