തിരുവനന്തപുരം: ചാക്ക സ്വദേശി വിക്രമന്റെ മരണത്തിൽ ഉത്തരം കിട്ടാതെ ബന്ധുക്കളും നാട്ടുകാരും. ഹൃദയാഘാതമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തല പൂർണമായും മുങ്ങിയ നിലയിലാണ് വിക്രമനെ കണ്ടെത്തിയത്. ഇതാണ് സംശയം വർദ്ധിപ്പിക്കുന്നത്.

ചെറിയ മഴയിൽപ്പോലും വിക്രമന്റെ വീട്ടിൽ വെള്ളം കയറും. വീടിന് മുന്നിലുള്ള ഓടയിൽ പല ഭാഗത്തും സ്ളാബ് സ്ഥാപിച്ചിട്ടില്ല. ഇവിടെ മാലിന്യ നിക്ഷേപവും കൂടുതലാണ്. ഓടയുടെ പകുതി ഭാഗവും മണ്ണും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൃത്യമായ ശുചീകരണവും ഇവിടെ നടക്കുന്നില്ല. ഓട നിറഞ്ഞൊഴുകിയെത്തുന്ന വെള്ളമാണ് വിക്രമന്റെ വീട്ടിലും ഇറങ്ങിയത്. നഗരസഭ അധികൃതർ ഈ പരിസരത്ത് കൃത്യമായി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്താറില്ലെന്നാണ് പരാതി. പൂർണമായും സ്ളാബിട്ട് മൂടിയാൽ മാലിന്യ നിക്ഷേപം തടയാനാകും.

പേട്ടയിൽ നിന്ന് അതിശക്തമായാണ് വെള്ളം ഓടയിലൂടെ ഒഴുകിയെത്തുന്നത്. ചാക്ക-ഈഞ്ചയ്ക്കൽ റോഡിൽ 200 മീറ്റർ ഉള്ളിലേക്കാണ് വിക്രമന്റെ വീടുള്ളത്. ചാക്കയിൽ വെള്ളക്കെട്ടിന് കാരണമാകുന്ന ഓടയും ഇദ്ദേഹത്തിന്റെ വീടിന് മുന്നിലൂടെയാണ് പോകുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.