തിരുവനന്തപുരം : ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിൽ. രാത്രി 11.30ഓടെയാണ് മഴ ആരംഭിച്ചത്. മഴയ്ക്കൊപ്പം കനത്ത കാറ്റുമുണ്ടായി. സ്‌മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ മുഴുവൻ വെള്ളക്കെട്ടിൽ മുങ്ങി. പേട്ട,കണ്ണമ്മൂല,പഴവങ്ങാടി,തമ്പാനൂർ,വഞ്ചിയൂർ,കരമന,മേലാറന്നൂർ,ആക്കുളം,ആറ്റുകാൽ ബണ്ടുറോഡ്,മുട്ടട,വയലിക്കട, തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. മഴ കനത്തതോടെ നഗരത്തിലെ ജലാശയങ്ങളിലും വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. റോഡിൽ വെള്ളം കയറിയതോടെ രാത്രിയിലും ഗതാഗതക്കുരുക്കുണ്ടായി.