road

വിതുര: വിതുര പാലോട് റോഡിൽ മേലേകൊപ്പം ജംഗ്ഷന് സമീപം പൊന്നാംചുണ്ട്,തെന്നൂർഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ വശത്തുള്ള വലിയഗർത്തം അപകടക്കെണിയാകുന്നു.മഴയായതോടെ ഇത് വലിയകുഴിയായി മാറി. നിർദ്ദിഷ്ട മലയോരഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് അടുത്തിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരുന്നു.ഇതോടെയാണ് കുഴി രൂപാന്തരപ്പെട്ടത്.പൊന്നാംചുണ്ട്,നരിക്കല്ല്,തെന്നൂർ,പെരിങ്ങമ്മല പാലോട്,ഇക്ബാൽകോളേജ് എന്നിവിടങ്ങളിലേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്.

ഇതിനകം നിരവധി വാഹനങ്ങൾ കുഴിയിൽ വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മഴയായതോടെ റോഡ് കൂടുതൽ അപകടാവസ്ഥയിലായി.അശാസ്ത്രീയപരമായ രീതിയിലാണ് മലയോരഹൈവേയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.മാത്രമല്ല നിർമ്മാണപ്രവർത്തനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ആക്ഷേപമുണ്ട്.കൊപ്പം റോഡിലെ കുഴി അടിയന്തരമായി മൂടണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.