മുടപുരം: കിഴുവിലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യമെന്ന് പരാതി. കൃഷിയിടങ്ങളിലേക്കിറങ്ങുന്ന ഇവ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. അണ്ടൂർ, പറക്കാവ്, നാറാങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലാണ് കാട്ടുപന്നികൾ ഇറങ്ങുന്നത്. വാഴ, മരച്ചീനി, തെങ്ങ് തുടങ്ങിയവയാണ് കൂടുതലായും നശിപ്പിക്കുന്നത്. പിഴുതിടുന്ന വിളകൾ കുറച്ചു കഴിച്ച ശേഷം ബാക്കി ഉപേക്ഷിച്ചു പോകുന്നതാണ് ഇവയുടെ രീതി. നൂറുകണക്കിന് മരിച്ചിനി ചെടികളും തെങ്ങിൻ തൈകളുമാണ് ദിവസവും ഇവ നശിപ്പിക്കുന്നത്. കാട്ടുപന്നി ആക്രമണത്തിൽ ഒരുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ക‌ർഷകർ പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് കർഷകർ. വിളകൾക്ക് നാശം വരുത്തുന്ന കാട്ടുപന്നിയെ തുരത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം കിഴുവിലം മേഖല സെക്രട്ടറി എൻ.രഘു ആവശ്യപ്പെട്ടു.