
വക്കം: തീരദേശ മേഖലയിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ പള്ളിക്കൂടമായ കടയ്ക്കാവൂർ എസ്.എൻ.വി.ജി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സ്കൂളിലെത്താൻ ഇനി അല്പം ബുദ്ധിമുട്ടും. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂളിലെ ബസുകൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ. കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ നീണ്ട അടച്ചു പൂട്ടലുകളോടെയാണ് സ്കൂൾ വാഹനവും ഉപയോഗിക്കാൻ കഴിയാത്തവിധം പ്രവർത്തനരഹിതമായത്. സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ നടന്നു പോകുന്ന ഈ സ്കൂളിന് ഒരു ബസ് നിരത്തിലിറക്കാൻ വേണ്ടുന്ന സാമ്പത്തിക അടിത്തറയോ ഫണ്ടോ ഇല്ല. സാധാരണക്കാരായ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ പുരോഗമനത്തിനായി ഒരു സ്കൂൾ ബസെങ്കിലും നിരത്തിലിറക്കേണ്ടത് അത്യാവശ്യമാണെന്ന് സ്കൂൾ അധികൃതരുൾപ്പെടെയുള്ളവർ പറയുന്നു. നിലവിൽ ഒന്നര ലക്ഷത്തിലധികം രൂപയുടെ ചെലവാണ് ഇതിനായി കണക്കാക്കുന്നത്. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കടയ്ക്കാവൂർ എസ്.എൻ.വി.ജി എച്ച്.എസ്.എസ്. വർഷങ്ങളായി ഉപയോഗിക്കാതെകിടന്ന സ്കൂൾ ബസുകളാണ് ഇപ്പോൾ കട്ടപ്പുറത്തായിരിക്കുന്നത്. സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ അദ്ധ്യാപകരും പി.ടി.എയും നിരന്തരം പരിശ്രമിച്ചെങ്കിലും ഭാരിച്ച ചെലവുകൾ താങ്ങാൻ സ്കൂളിനോ രക്ഷാകർത്താക്കൾക്കോ കഴിഞ്ഞില്ല. സ്കൂളിലെ നിലവിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ഈ വിഷയം വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തി കാത്തിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ്
കുട്ടികളുടെ യാത്രാക്ലേശം മനസിലാക്കി 2017ൽ കടയ്ക്കാവൂർ വാണിക്കുടി വീട്ടിൽ ലീലാ ബ്രഹ്മാനന്ദന്റെ സ്മരണയ്ക്കായാണ് കുടുംബാംഗങ്ങൾ രണ്ട് സ്കൂൾ ബസുകൾ സംഭാവന ചെയ്തത്. സ്കൂൾ വാഹനം ഓടി തുടങ്ങിയതോടെ വിവിധ പ്രദേശങ്ങളിലുള്ള സ്കൂൾ കുട്ടികളുടെ എണ്ണവും വർദ്ധിച്ചിരുന്നു. സ്കൂൾപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ വിറപ്പിച്ച് കൊറോണ വ്യാപിച്ചത്. ശേഷം സ്കൂൾ തുറന്നു പ്രവർത്തിച്ചപ്പോൾ രണ്ട് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത തരത്തിലായി. യാത്രാസൗകര്യത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാൽ കുട്ടികൾക്ക് സ്കൂളിലേക്ക് എത്തിച്ചേരാനും കഴിഞ്ഞിരുന്നില്ല. സമീപത്തുള്ള ഒട്ടുമിക്ക സ്കൂളുകളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ നൽകുമ്പോൾ കുട്ടികളെല്ലാം അവിടേക്ക് ആകർഷിക്കപ്പെട്ടതോടെ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. സ്കൂളിന്റെ പുരോഗമനം സാദ്ധ്യമാകണമെങ്കിൽ ഒരു ബസെങ്കിലും നിരത്തിലിറക്കിയേ മതിയാവൂ. രണ്ടു ബസുകളും പൂർവാധികം പ്രവർത്തനക്ഷമമാക്കിയാൽ മാത്രമേ കുട്ടികളുടെ എണ്ണത്തിൽ ക്രമേണ വർദ്ധനവുണ്ടാൻ സാധിക്കൂ.