തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. 2021ലെ വനനയത്തിന്റെയും 1988ലെ ദേശീയ വനനയത്തിന്റെയും ലംഘനവും പരിസ്ഥിതി വിരുദ്ധവുമാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങൾ വൻതോതിൽ ഭൂമിയിൽ നിന്ന് ജലം വലിച്ചെടുത്ത് വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കും. വനംവികസന കോർപ്പറേഷന്റെ നിലനിൽപ്പിന് വേണ്ടിയാണ് ഒറ്റത്തവണത്തേക്ക് യൂക്കാലി നടാൻ അനുമതി നൽകിയതെന്ന വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവന വിചിത്രവും നിരുത്തരവാദപരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.