തിരുവനന്തപുരം: അശാസ്ത്രീയ റോഡു നിർമ്മാണമാണ് നഗരത്തിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ചാലയെ കനത്ത മഴയിൽ വെള്ളക്കെട്ടിലാഴ്ത്തിയത്. നിർമ്മാണത്തിനായി ഓടകൾ കുത്തിപ്പൊളിച്ചപ്പോൾ വെള്ളമൊഴുകിപ്പോകാനായി പകരം സംവിധാനമൊരുക്കിയില്ല. നിർമ്മാണത്തിന്റെ ഭാഗമായെടുത്ത വലിയ കുഴികളിലെല്ലാം മഴയിൽ വെള്ളം നിറഞ്ഞു. വെള്ളം കടകളിലേക്കും കയറിയതോടെ വ്യാപാരികൾ നെട്ടോട്ടമായി. മാസങ്ങൾക്ക് മുൻപേ ആരംഭിച്ച സ്‌മാർട്ട് സിറ്റി റോഡ് നിർമ്മാണം മഴക്കാലത്തിന് മുൻപേ പൂർത്തിയാക്കാതെ അധികൃതർ ദ്രോഹിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഞായറാഴ്ച മുതൽ മാർക്കറ്റിൽ വെള്ളം നിറഞ്ഞെങ്കിലും ഇന്നലെ പുലർച്ചെ മുതൽ നിറുത്താതെ പെയ്ത മഴയാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. വാഹനങ്ങൾ പോകുമ്പോൾ റോഡിലെ വെള്ളം കടകളിലേക്ക് ഇരച്ചുകയറി. ഒരാഴ്ച വരെ നിറുത്താതെ പെയ്തമഴയിൽപ്പോലും ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
റോഡിലെ വെള്ളം തെരുവ് കച്ചവടക്കാരുടേയും കച്ചവടം മുട്ടിച്ചു. വെള്ളക്കെട്ടിലൂടെ കടകളിലേക്ക് സാധനങ്ങൾ ചുമന്നെത്തിക്കാനാവാതെ തൊഴിലാളികളും വലഞ്ഞു. സാധനങ്ങൾ വാങ്ങാനായി ചാലയിലെത്തിയ ജനങ്ങൾ റോഡേത് ഓടയേത് എന്നറിയാതെ ത്രിശങ്കുവിലായി. പലരും സ്ളാബില്ലാത്ത ഓടകളിലും കുഴികളിലും വീണു.
മാലിന്യങ്ങൾ നിറഞ്ഞ വഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീതിയും ഉയർത്തുന്നുണ്ട്. ചാലയ്ക്ക് സമീപത്തെ വീടുകളുടെ സ്ഥിതിയും പരിതാപകരമാണ്. നഗരസഭ ഓട വൃത്തിയാക്കാത്തതാണ് വീടുകളിൽ വെള്ളം കയറാൻ പ്രധാനകാരണമെന്ന് വീട്ടുകാർ പറഞ്ഞു.
സ്മാർട്ട് സിറ്റി നിർമ്മാണത്തിലെ അശാസ്ത്രീയത ചാലയിലെ വ്യാപാരികളുടേയും തൊഴിലാളികളുടേയും ഉപജീവനമാർഗം മുട്ടിച്ചതിനെക്കുറിച്ച് 'ചാലയുടെ വാതിലുകളടച്ച് സ്‌മാർട്ട് സിറ്റി" എന്ന പേരിൽ കേരളകൗമുദി മാർച്ച് 22ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.