വിഴിഞ്ഞം: കനത്ത മഴയിൽ വിഴിഞ്ഞം, കോവളം, തിരുവല്ലം, കാർഷിക കോളേജ് പ്രദേശങ്ങളിൽ വൻ നാശനഷ്ടം. എഴുപതോളം സ്ഥലങ്ങളിൽ മരങ്ങൾ നിലംപതിച്ചു. പല സ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. ആളപായമില്ല. കാർഷികകോളേജ് പൂങ്കുളം കീഴൂർ അംബികാ റോഡിൽ വൻമരം ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീണ് വൈദ്യുതി തടസപ്പെട്ടു. പൂങ്കുളം പുന്നവിളയിൽ തെങ്ങ് റോഡിലേക്ക് പതിച്ചു. വലിയവിളയിൽ പ്ലാവ് കടപുഴകി വൈദ്യുത ലൈനിന് പുറത്തുവീണു.
കീഴൂർ ഏലായിൽ ശശി, ശ്രീകണ്ഠൻ എന്നിവരുടെ വാഴക്കൃഷി നശിച്ചു. കുലച്ചുനിന്ന നൂറോളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീഴുകയായിരുന്നു. വെള്ളായണി- കാക്കാമൂല- കാർഷിക കോളേജ് ബണ്ട് റോഡിൽ വെള്ളം കയറി ഇരുചക്ര വാഹന ഗതാഗതം തടസപ്പെട്ടു. പടിഞ്ഞാറെ പൂങ്കുളത്ത് കാർ കുഴിയിൽ പുതഞ്ഞു. ഇതിന് തൊട്ടടുത്തായി വൻമരം വീണെങ്കിലും കാറിന് പുറത്തേക്ക് പതിച്ചില്ല. വെങ്ങാനൂർ വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം ഓഫീസിനു സമീപം കൂറ്റൻ ആഞ്ഞിലിമരം ഇലക്ട്രിക് പോസ്റ്റുകൾക്കു മുകളിലേക്ക് ഒടിഞ്ഞു വീണ് പോസ്റ്റുകൾ തകർന്നു. രാത്രി വൈകിയും ഈ പ്രദേശത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ല.
മുല്ലൂരിൽ രാജേഷ് എന്നയാളുടെ വീട്ടിൽ തെങ്ങ് ഇലക്ട്രിക് പോസ്റ്റിനും കാറിനും മുകളിൽ വീണു. മുക്കോല ബൈപ്പാസിലെ സർവീസ് റോഡിൽ വൻ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പാച്ചല്ലൂർ ഗവ. എൽ.പി സ്കൂളിന് മുകളിലേക്ക് മുരിങ്ങ മരം ഒടിഞ്ഞു വീണു. ചാവടിനട- ഉച്ചക്കട റോഡിൽ മരം മറിഞ്ഞു വീണ് വൈദ്യുതി മുടങ്ങി. വെങ്ങാനൂർ ചാവടിനട മാവുവിളയിൽ മാവും തെങ്ങും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കോവളം പാറവിള കോളനിയിൽ വീടിന് മുകളിലേക്ക് മരം വീണു. വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ഫയർഫോഴ്സ് നെട്ടോട്ടത്തിൽ
വിഴിഞ്ഞം ഫയർ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൻ മരങ്ങൾ വീണതിനെ തുടർന്ന് വിശ്രമമില്ലാതെ ഫയർഫോഴ്സ്. 20 ഓളം സ്ഥലങ്ങളിലാണ് ഇന്നലെ മരം മുറിച്ചു മാറ്റിയത്. ചിലയിടങ്ങളിൽ നാട്ടുകാർ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചു. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ അജയ്.ടി.കെയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ വിനോദ്, ഫയർ റെസ്ക്യൂ ഓഫീസർമാരായ ഷിജു, സന്തോഷ്, രാജീവ്, സന്തോഷ്, പ്രദീപ്, അനുരാജ്, ഗ്രേഡ് എ.എസ്.ടി.ഒ അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.