തിരുവനന്തപുരം: സിവിൽ സപ്ലൈസ് വകുപ്പിൽ ചട്ടം ലംഘിച്ചുള്ള അന്തർജില്ലാ സ്ഥലംമാറ്റങ്ങളെക്കുറിച്ച് വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കുന്നു. വകുപ്പിലെ വിജിലൻസ് ഓഫിസറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. .
വകുപ്പിലെ സി.പി.ഐ അനുകൂല സംഘടനാ നേതാവിന് ചട്ടവിരുദ്ധമായി സ്ഥലംമാറ്റം നൽകിയതായ പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യവകുപ്പ് സെക്രട്ടറി നിർദേശിച്ചിരുന്നു. ഒരു ജില്ലയിൽ നിയമനം ലഭിച്ച വ്യക്തിക്ക് 5 വർഷം പൂർത്തിയായാൽ മാത്രം അന്തർജില്ലാ സ്ഥലംമാറ്റം അനുവദിക്കാമെന്നാണ് സർക്കാർ ഉത്തരവ്. ഇതിൽ പ്രത്യേക ഇളവു നൽകാൻ മന്ത്രിസഭയ്ക്കാണ് അധികാരം. ഭക്ഷ്യപൊതുവിതരണ വകുപ്പിൽ നിന്നു സപ്ലൈകോയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നവർക്കും ഇങ്ങനെ ഇളവ് അനുവദിക്കാം.

അതേസമയം, തനിക്ക് എതിരെയുള്ള പരാതി വ്യക്തിവൈരാഗ്യം മൂലമാണെന്ന് ആരോപിച്ച് സംഘടനാനേതാവ് കമ്മിഷണർക്കു കത്തു നൽകി. തിരുവനന്തപുരത്തു ചികിത്സ ആവശ്യങ്ങൾ ഉള്ളതിനാൽ ഇത് ഉൾപ്പെടെ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റം അനുവദിച്ചതെന്നും കത്തിലുള്ളതായാണു സൂചന. .