നെടുമങ്ങാട് : ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം പാറക്കുളത്തിൽ കുളിക്കവേ, യുവാവ് മുങ്ങി മരിച്ചു.പൂവത്തൂർ ചിറക്കാണി മുണ്ടേക്കോണത്ത് വീട്ടിൽ അജീഷ് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. നാല് സുഹൃത്തുക്കളുമൊത്ത് കുളിക്കുകയായിരുന്ന യുവാവ് ആഴമേറിയ ഭാഗത്ത് കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. അജീഷിനെ കണ്ടെത്താൻ പരിസരവാസികൾ കുളത്തിൽ ഇറങ്ങിയെങ്കിലും വെള്ളക്കെട്ടുയർന്നിരുന്നതിനാൽ ഫലം കണ്ടില്ല.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സ് സ്കൂബ ടീമിന്റെ സഹായം തേടി. തിരുമല യൂണിറ്റിൽ നിന്ന് നാലരയോടെ സ്ഥലത്തെത്തിയ ടീമംഗങ്ങൾ മൃതദേഹം കുളത്തിൽ നിന്ന് മുങ്ങിയെടുത്തു. നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നെടുമങ്ങാട് പൊലീസ് കേസ് എടുത്തു. പരേതനായ വിശ്വംഭരന്റെയും സുശീലയുടെയും മകനാണ് അജീഷ്.അവിവാഹിതനാണ്.സഹോദരങ്ങൾ : ശോഭന,സുജാത, പരേതനായ അനീഷ്.