വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാ‌ർഡിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഈച്ചശല്യം രൂക്ഷമാകുന്നതായി പരാതി. തോട്ടുമുക്ക്, പൊൻപാറ, പടിപ്പോട്ടുപാറ, മണലയം, പേരയത്തുപാറ, ചാരുപാറ, കന്നുകാലിവനം മേഖലകളിലാണ് ഈച്ചയുടെ ശല്യംമൂലം ജനം ബുദ്ധിമുട്ടിലായത്. ചായം വാർഡിന്റെ പരിധിയിലും ഈച്ചശല്യം വർദ്ധിച്ചതായും പരാതിയുണ്ട്. പാചകം ചെയ്യുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഈച്ചശല്യം നിമിത്തം ഉറങ്ങുവാനും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാത്രമല്ല പ്രദേശത്ത് സാംക്രമികരോഗങ്ങൾ വ്യാപിക്കുന്നതായും നാട്ടുകാർ അറിയിച്ചു. കടകളിലെ അവസ്ഥയും വിഭിന്നമല്ല. ഈച്ചശല്യം കച്ചവടത്തേയും ബാധിക്കുന്നുണ്ട്. ഒരാഴ്ചയായി ഇതാണ് അവസ്ഥ. മാത്രമല്ല ഓരോദിവസം കഴിയും തോറും ഈച്ചകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പ്രദേശത്തെ കോഴിഫാമിൽനിന്നുമാണ് ഈച്ചകൾ കൂട്ടത്തോടെ എത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ തൊളിക്കോട് പഞ്ചായത്തിലും ആരോഗ്യവകുപ്പ് മേധാവികൾക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹെൽത്ത് ഡിപ്പാർട്ട് മെന്റ് പരിശോധനകൾ നടത്തിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നു. ഈച്ചശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാജോർജിന് പരാതിനൽകിയതായി കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തോട്ടുമുക്ക് യൂണിറ്റ് പ്രസിഡന്റ് സുധീർഖാൻ അറിയിച്ചു.