കല്ലമ്പലം: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക നാശം. തട്ടുപാലം ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് അപകട നിലയിൽ നിന്നിരുന്ന മതിൽ മഴയിൽ ഇടിഞ്ഞു വീണു. രാത്രിയായതിനാൽ ആളപായമുണ്ടായില്ല. അശാസ്ത്രീയ റോഡ് നിർമ്മാണവും സ്വകാര്യ വ്യക്തി ചാലുൾപ്പെടെ കെട്ടിയടച്ചതിനാലും നാവായിക്കുളം പഞ്ചായത്തിലെ 22 -ാം വാർഡിലുൾപ്പെട്ട ഇരുപത്തെട്ടാംമൈൽ - ഫാർമസി ജംഗ്ഷൻ - കുന്നിക്കോട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാവായിക്കുളം കുടവൂർ മേഖലയിൽ ശക്തമായ മഴയിൽ വ്യാപക കൃഷി നാശമുണ്ടായി. മുല്ലനല്ലൂർ ഏലായിൽ നൂറോളം വാഴകൾ ഒടിഞ്ഞുവീണു. പുതുശ്ശേരിമുക്കിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. പുതുശ്ശേരിമുക്ക് പുളിയറക്കോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ ശ്രീധരന്റെ വീടാണ് തകർന്നത്. വീട്ടുസാധനങ്ങൾ മുഴുവനും നശിച്ചു.