തിരുവനന്തപുരം: വഴയില മുതൽ നെടുമങ്ങാട് പഴകുറ്റി വരെയുള്ള നാലുവരിപ്പാതയുടെ ഭാഗമായ കരകുളം ഫ്ലൈഓവർ നിർമ്മാണത്തിനുള്ള ടെൻ‌ഡർ സമർപ്പിച്ചത് രണ്ട് കമ്പനികൾ.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസുമാണ് ഇവ.കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്കായിരിക്കും ടെൻഡർ.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ടെൻഡർ തുറക്കാനാകാത്ത സ്ഥിതിയാണ്. ഈ മാസം അവസാനത്തോടെ ഫ്ളൈഓവർ നിർമ്മാണം ആരംഭിക്കാനാണ് കേരള റോഡ് ഫണ്ട് ബോർഡ് തീരുമാനം.ടെൻഡർ തുറക്കുന്നതിന് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ആവശ്യപ്പെട്ട് കെ.ആർ.എഫ്.ബി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.ആദ്യം ടെൻഡർ ക്ഷണിച്ചപ്പോൾ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. തുടർന്ന് ഫെബ്രുവരിയിലേക്കും പിന്നെ മാർച്ചിലേക്കും ടെൻഡർ സമർപ്പിക്കാനുള്ള സമയം നീട്ടുകയായിരുന്നു.

വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. 42 ഭൂവുടമകൾക്കുള്ള 117.78 കോടി നഷ്ടപരിഹാരം കൈമാറി. കരകുളം പാലം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഫ്ലൈഓവറിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ലൈഓവറുമാണ്. 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയുമാണുള്ളത്. 50 കോടിയാണ് നിർമ്മാണച്ചെലവ്. വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട വഴി പതിനൊന്നാംകല്ല് വരെ 1.74 കിലോമീറ്ററും ഉൾപ്പെടെ 11.24 കിലോമീറ്ററാണ് നാലുവരിപ്പാതയാക്കുന്നത്. 21 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് 15 മീറ്റർ ടാറിംഗും രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേയ്സും ഉണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് 614 കോടി രൂപയും റോഡ് ഫ്ലൈഓവർ വർക്കുകൾക്കായി 345 കോടിയും ഉൾപ്പെടെ 960 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

ആകെ ചെലവ് (തുക കോടിയിൽ)​
1063.90

ഭൂമിയേറ്റെടുക്കൽ ചെലവ്
750.80

ഒന്നാം റീച്ച് (വഴയില - കെൽട്രോൺ ജംഗ്ഷൻ)​
203.40

രണ്ടാംറീച്ച് (കെൽട്രോൺ - വാളിക്കോട്)​
224.84

മൂന്നാം റീച്ച് (വാളിക്കോട് - പഴകുറ്റി)​
322.56

സിവിൽ ജോലികൾ
312.46