പോത്തൻകോട്: ചുമരിന് സമീപം കൂട്ടിയിട്ടിരുന്ന വിറകെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണ് തിരുവനന്തപുരം പോത്തൻകോട് ഇടത്തറ വാർഡിൽ ചുമടുതാങ്ങിവിള ഭാഗ്യോദയം വീട്ടിൽ വിജയകുമാരൻ നായരുടെ ഭാര്യ ശ്രീകല (61) മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം.
പഴയ വീടിന്റെ പകുതിയോളം പൊളിച്ച് പത്തു വർഷം മുമ്പ് നിർമ്മിച്ച വീട്ടിലാണ് ശ്രീകലയും കുടുംബവും താമസിക്കുന്നത്. പഴയ വീടിന്റെ ശേഷിക്കുന്ന ഭാഗം അതേപടി നിലനിറുത്തിയിരുന്നു. ഈ വീടിന്റെ ചുമരിന് സമീപം കൂട്ടിയിട്ടിരുന്ന വിറകെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇടിഞ്ഞു വീണത്.
ശ്രീകലയെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെ ഭർത്താവ് വിജയകുമാരൻ നായരാണ് പഴയ വീടിന്റെ ചുമരുകൾ തകർന്ന് കിടക്കുന്നത് കണ്ടത്. നാട്ടുകാരുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ ശ്രീകലയെ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഭാഗ്യ, ലക്ഷ്മി. മരുമക്കൾ: ഉദയകുമാർ,സന്തോഷ്‌കുമാർ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.