 വിവാദ ഉത്തരവ് വനംവകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: വനംവകുപ്പിന്റെ തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നട്ടുവളർത്തുന്നതിന് അനുമതി നൽകിയ വിവാദ ഉത്തരവ് വനംവകുപ്പ് റദ്ദാക്കി. 2021ലെ വനംനയത്തിന് വിരുദ്ധമായ നടപടിക്കെതിരെ സി.പി.ഐയും കോൺഗ്രസും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയതോടെയാണ് നടപടി.

വിഷയത്തിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) എം.ഡിയോട് വിശദീകരണം തേടുമെന്നും വനംവകുപ്പ് അഡി.ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

സർക്കാരിന്റെ വനം നയ ഉത്തരവിന് മുമ്പേ കെ.എഫ്.‌ഡി.സി നൽകിയ പ്ലാൻ മാനേജ്മെന്റ് നിർദ്ദേശം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ഡി ജോർജി പി.മാത്തച്ചൻ യൂക്കാലി മരം വീണ്ടും നട്ടുവളർത്താനുള്ള അനുമതി തേടിയത്.

കേന്ദ്ര സർക്കാർ അനുമതി നിലവിലുള്ള യൂക്കാലി മുറിച്ചു നീക്കുന്നതിനാണെന്നും ഇക്കാര്യത്തിൽ എം.ഡി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി തേടിയതെന്നും വനംമേധാവി ഗംഗാസിംഗ് അഡി.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദ അനുമതി റദ്ദാക്കി അഡി.ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.

മേയ് ഏഴിലെ ഉത്തരവിലുള്ള മരംനടീൽ അനുമതി പരാമർശങ്ങൾ നീക്കി മരങ്ങൾ മുറിക്കാൻ മാത്രമുള്ള അനുമതിയെന്നാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലുള്ളത്. കെ.എഫ്.ഡി.സി എം.ഡിയുടെ ആവർത്തിച്ചുള്ള ആവശ്യപ്രകാരമാണ് മരം നടാൻ അനുമതി നൽകിയതെന്ന് കെ.ആർ.ജ്യോതിലാൽ തിങ്കളാഴ്ച ചേ‌ർന്ന ഉന്നതതല യോഗത്തെ അറിയിച്ചിരുന്നു.