ആറ്റിങ്ങൽ:ആലംകോട് - മണനാക്ക് റൂട്ടിൽ പാലാംകോണം ബൈപ്പാസ് ജംഗ്ഷൻ വീണ്ടും അപകട ഭീതിയിൽ. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ജംഗ്ഷന്റെ ഒരു വശം ഡിവൈഡറുകൾകൊണ്ട് മറച്ച് നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ മറുവശത്തെ നിർമ്മാണം അടുത്തിടെ ആരംഭിച്ചെങ്കിലും റോഡിൽ അപകട മുന്നറിപ്പ് നൽകാൻ അധികൃതർ ഇനിയും മുന്നോട്ട് വരുന്നില്ല. ആലംകോടു ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ പാലംകോണം ജംഗ്ഷനിലെ ബൈപ്പാസ് നിർമ്മാണ മേഖലയിൽ കടന്നാൽ അപകടസാദ്ധ്യത ഏറെയാണ്. റോഡ് നിർമ്മാണത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ, സിഗ്നൽ ലൈറ്റോ, കുഴി മറയ്ക്കുന്ന ഡിവൈഡറുകളോ യാതൊന്നും ഇവിടെയില്ല. രാത്രി കാലങ്ങളിൽ ഇവിടെ എത്തുന്നവർ അപകടത്തിൽപ്പെടുമെന്നത് ഉറപ്പാണ്. ദേശീയപാത നിർമ്മാണത്തിനായി ഇവിടെ 20 മീറ്ററിലധികം താഴ്ചയിൽ നിർമ്മാണം നടന്നുവരികയാണിപ്പോൾ.
അപകടം പതിവ്
ജംഗ്ഷനിൽ നിർമ്മാണം നടന്ന സമയത്ത് നിയന്ത്രണം വിട്ട കാർ ദേശീയപാതാ നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് ഒരാൾ മരിച്ചിരുന്നു. ആവശ്യമായ സിഗ്നൽ ലൈറ്റുകളോ ഡിവൈഡറുകളോ തെരുവ് വിളക്കുകളോ അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡോ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ ആക്കംകൂട്ടിയത്. അടുത്തിടെ ഇവിടെ നാലോളം ബൈക്ക് അപകടങ്ങൾ നടന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ റോഡിന്റെ മറുഭാഗത്തെ റോഡ് നിർമ്മാണത്തിനായി ആഴത്തിൽ കുഴിയെടുത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങിയെങ്കിലും റോഡിന്റെ വശങ്ങളിൽ ഡിവൈഡറുകൾ ഇനിയും നിരത്തിയിട്ടില്ല.
വീട് അപകടഭീഷണിയിൽ
പ്രദേശത്ത് റോഡിനായി മണ്ണ് നീക്കം ചെയ്തതോടെ കുന്നിൻ മുകളിൽ ഒരു വീട് ഒറ്റപ്പെട്ടു. വീട്ടിൽ നിന്നും റോഡിലേക്ക് 40 മീറ്ററോളം താഴ്ചയുമുണ്ട്. മണ്ണെടുത്തതോടെ വീടിനോടു ചേർന്നുള്ള ഭാഗത്ത് മണ്ണിടിച്ചിലും വ്യാപകമാണ്. റോഡിനായി കുഴിച്ച സ്ഥലങ്ങളിൽ ഊറ്റ് കൊണ്ട് നിറഞ്ഞ വെള്ളക്കെട്ടും അധികൃതർക്ക് ഭീഷണിയായി.