വെള്ളറട: വ്യവസായ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കിയിറക്കിയ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളറട പഞ്ചായത്തിലെ ആറാട്ടുകുഴിയിൽ കറി പൗഡർ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഇറക്കിയ യന്ത്രങ്ങളാണ് നശിക്കുന്നത്. ഇതോടൊപ്പം മറ്റൊരു വ്യവസായത്തിനായി ഇറക്കിയ യന്ത്രങ്ങൾ ഏതാനും മാസങ്ങൾ പ്രവർത്തിപ്പിച്ചിരുന്നെങ്കിലും അതും ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ആറാട്ടുകുഴി ചന്തയിൽ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് കറിപൗഡർ യൂണിറ്റ് സ്ഥാപിച്ച് നിരവധി പേർക്ക് തൊഴിൽ നൽകാനായിരുന്നു പദ്ധതിയെങ്കിലും യന്ത്രങ്ങൾ ഇറക്കിയതല്ലാതെ തുടർനടപടികളൊന്നും ഉണ്ടായില്ല. വർഷങ്ങൾക്ക് മുമ്പ് ആനാവൂർ നാഗപ്പൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ അരക്കോടിയിലേറെ രൂപയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുകിട വ്യവസായ യൂണിറ്റുകൾക്കുവേണ്ടി മെഷീനുകൾ ഇറക്കിയിരുന്നു. എന്നാൽ ഇതിൽ ഒന്നോ രണ്ടോ യൂണിറ്റുകൾ പ്രവർത്തിച്ചു. അതും നിലച്ചുവെന്നാണ് പറയുന്നത്.
വെയിലും മഴയുമേറ്റ് യന്ത്രങ്ങൾ
ചെറുകിട യൂണിറ്റുവഴി ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ അന്ന് പീപ്പിൾ ബസാർ വഴി വിറ്റഴിക്കുമെന്ന് പറഞ്ഞിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റു നടപടികൾ നടക്കാത്തതിനെ തുടർന്ന് പഞ്ചായത്തിന്റെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കം ചെയ്യാൻ കഴിയാതെയായി. ഇപ്പോൾ ആറാട്ടുകുഴിയിലുള്ള കെട്ടിടം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വെള്ളറട സെന്ററിന് കൈമാറിയതോടെ ഈ യന്ത്ര സാമഗ്രികൾ വെയിലും മഴയുമേറ്റ് തുരുമ്പെടുക്കാൻ തുടങ്ങി. ഒരു ദിവസം പോലും ഉപയോഗിക്കാത്ത മോട്ടോറുകളും മെഷീനുകളും ലേലം ചെയ്ത് ആവശ്യക്കാർക്ക് നൽകിയാലും ഇറക്കിയതിന്റെ പകുതി വിലയെങ്കിലും ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
പാത്രം നിർമ്മാണ യൂണിറ്റും അടച്ചു പൂട്ടി
ആറാട്ടുകുഴിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പാളകൊണ്ട് പാത്രം നിർമ്മിക്കുന്ന യൂണിറ്റും ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്. ഏതാനും മാസങ്ങൾ പ്രവർത്തിപ്പിച്ചപ്പോൾ അസംസ്കൃത വസ്തുവായ പാള കിട്ടാതായതാണ് ഇതും പൂട്ടാൻ കാരണം. ഇതിന്റെ ഉപകരണങ്ങളും ഇപ്പോൾ തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്.