വർക്കല: പാപനാശം കുന്നുകളിൽ മണ്ണിടിച്ചിലും വിള്ളലും കുഴിയുമുണ്ടായ ഇടങ്ങളിൽ നഗരസഭ ചെയർമാൻ കെ.എം.ലാജി, വാർഡ് കൗൺസിലർ, താലൂക്ക് താഹസീൽദാർ, മുനിസിപ്പൽ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചു. ക്ലിഫ് മേഖലയിലെ അപകടസാദ്ധ്യത മുന്നിൽക്കണ്ട് ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് താത്കാലികമായി സഞ്ചാരം നിരോധിച്ചു. അപകടമേഖലകളിൽ വേലികളും ജാഗ്രതാ ബോർഡുകളും നഗരസഭ സ്ഥാപിച്ചു. ഇവിടങ്ങളിലെ റിസോർട്ടുകളും കച്ചവടസ്ഥാപനങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ഫുട്പാത്ത് കഴിഞ്ഞുള്ള മേഖലകളിൽ വിനോദസഞ്ചാരികൾ പ്രവേശിക്കുന്നില്ലെന്ന് റിസോർട്ട് ഉടമകൾ ഉറപ്പുവരുത്തുന്നതിനും ക്ലിഫിൽ ചേർന്നുള്ള മുറികളിൽ നിന്ന് ആൾക്കാരെ ഒഴിപ്പിക്കുന്നതുമടക്കും നഗരസഭ സെക്രട്ടറി അറിയിപ്പ് നൽകിയിട്ടുണ്ട്.ശക്തമായ മഴയും കാറ്റും കടൽക്ഷോഭവുമുള്ള ഈ അവസ്ഥയിൽ വിനോദസഞ്ചാരികൾക്കും സ്ഥലവാസികൾക്കും മറ്റും അതീവ ശ്രദ്ധയും ജാഗ്രതയുമുണ്ടാകണമെന്ന് കെ.എം.ലാജി അഭ്യർത്ഥിച്ചു.