വിഴിഞ്ഞം: ശക്തമായ മഴയിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ആഴാകുളം-പപ്പുക്കുട്ടി റോഡിനോട് ചേർന്നുള്ള കുന്നിടിഞ്ഞുവീണ് 15ലധികം വീടുകൾ തകർച്ചാഭീഷണിയിൽ. മണ്ണിടിച്ചിൽ തടയുന്നതിന് കുന്നിനോട് ചേർന്ന് അടുത്തിടെ നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞുവീണിരുന്നു. കുന്നിന് താഴെയായി നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ കടന്നുപോകുന്നുണ്ട്. ഇതിനു സമീപത്തെ വൻമരങ്ങളുടെ അടിഭാഗത്തെ മണ്ണ് കനത്ത മഴയിൽ ഒലിച്ചുപോയിരുന്നു. ഇതോടെ ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ് ഈ മരങ്ങൾ. മരങ്ങൾ വീണാൽ കനാലിന് താഴെയുള്ള വീടുകളും വൈദ്യുതി പോസ്റ്റുകളും തകർന്ന് വൻ ദുരന്തത്തിന് ഇടയാക്കുമെന്ന് പഞ്ചായത്തഗം സുഗന്ധി മോഹൻ പറഞ്ഞു.
പരാതിയെ തുടർന്ന് അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിനും കുന്ന് ബലപ്പെടുത്തി വീടുകളെ സംരക്ഷിക്കുന്നതിനുമായി ഇറിഗേഷൻ അധികൃതരും റവന്യൂ അധികൃതരുമെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാറും ഉദ്യോഗസ്ഥരും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എൻജിനിയർ പി.എസ്.ദേവി, ഓവർസീയർ എസ്.എ രാഹുൽ എന്നിവർ സ്ഥലം സന്ദർശിച്ചു.