തിരുവനന്തപുരം: രക്തസാക്ഷികളെന്നത് ഇന്നൊരു അപമാനമെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി .ദിവാകരൻ. രാജീവ് ഗാന്ധി പഠന കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു വേണ്ടിയോ ജനകീയ സമരങ്ങളിൽ പങ്കെടുത്ത് വെടിയേറ്റ് മരിച്ചവരോ അല്ല ഇന്ന് രക്തസാക്ഷികൾ. പുതിയൊരു വിഭാഗമാണ് ഇന്ന് രക്തസാക്ഷികളാകുന്നത്. ഇന്ന് രക്തസാക്ഷികൾ ആരെന്നതിൽ തർക്കം നടക്കുകയാണ്. സെൻട്രൽ ജയിലിൽ കിടക്കുന്ന എത്രപേർ ഇനി രക്തസാക്ഷികളാകുമെന്നറിയില്ല. ഞങ്ങളാരെങ്കിലും വെടിയേറ്റ് മരിച്ചാൽ രക്തസാക്ഷികളാകും. അല്ലെങ്കിൽ പുതിയ വിഭാഗം രക്തസാക്ഷി പട്ടികയിൽപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ സി.പി.എം രക്തസാക്ഷികളാക്കിയെന്ന യു.ഡി.എഫിന്റെ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സി.ദിവാകരന്റെ പരാമർശം.