തിരുവനന്തപുരം: വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ചെയ്യേണ്ട നിർമ്മാണം കൃത്യമായി ചെയ്യാത്തതാണ് നഗരത്തിലുണ്ടായ വെള്ളക്കെട്ടിന് കാരണമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ വിലയിരുത്തി. നഗരത്തിൽ നഗരസഭയ്ക്ക് 900 ഓടകളും പി.ഡബ്ലിയു.ഡിക്ക് 247 ഓടകളും തുടങ്ങി മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, റെയിൽവേ, കെ.ആർ.എഫ്.ബി, ഇൻലാൻഡ് നാവിഗേഷൻ എന്നിങ്ങനെ ഓരോ വകുപ്പുകൾക്കും ഓടകളുണ്ട്. എന്നാൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള 900 ചെറിയ ഓടകളാണ് വൃത്തിയാക്കിയത്. പി.ഡബ്ലിയു.ഡിയുടെ 17 ഓടകൾ മാത്രമേ സ്ലാബ് മാറ്റി മണ്ണ് മാറ്റിയിട്ടുള്ളൂ. മറ്റു വകുപ്പുകളൊന്നും സമാനമായ പ്രവർത്തനങ്ങൾ ചെയ്തിട്ടില്ല. ഇതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് വിലയിരുത്തൽ.
മൈനർ ഇറിഗേഷൻ വകുപ്പ് കണ്ണമ്മൂല തോട് വൃത്തിയാക്കിയതിനാൽ നിലവിൽ കോസ്‌മോ മുതലുള്ള മേഖലയിൽ വെള്ളക്കെട്ടില്ല. എന്നാൽ പാർവതിപുത്തനാർ തോട് വൃത്തിയാക്കേണ്ട മേജർ ഇറിഗേഷൻ വകുപ്പ് ഇക്കാര്യം ചെയ്തിട്ടില്ലെന്നും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 18ന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്ന് ഓരോ വകുപ്പും വൃത്തിയാക്കേണ്ട ഓടകളുടെ കണക്കുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ തുടർപ്രവർത്തനം ഉണ്ടാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. അടിയന്തരമായി ഓടകൾ വൃത്തിയാക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി.ഡബ്ല്യു. ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ. പ്രശാന്ത്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം പ്രേംജി. സി, സബ്കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുത്തു.