തിരുവനന്തപുരം : ഗർഭസ്ഥശിശുവിന്റെ മൃതദേഹം മൂന്നു ദിവസമായിട്ടും വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് പിതാവ് ശവപ്പെട്ടിയുമായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ചു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകി.
പത്തോളജിക്കൽ ഓട്ടോപ്‌സി പൂർത്തിയാക്കുന്നതിനും സംഭവത്തിൽ വീട്ടുകാർക്ക് പരാതിയുള്ളതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കുന്നതിനുമാണ് സമയമെടുത്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഈ മാസം 16ന് രാത്രിയാണ് കഴക്കൂട്ടം ചിറവിളാകം കൈരളി നഗർ പവിത്ര നിവാസിൽ എട്ടുമാസം ഗർഭിണിയായ പവിത്രയെ കുഞ്ഞിന് അനക്കമില്ലാത്തിനാൽ തൈക്കാട് ആശുപത്രിയിൽ എത്തിച്ചത്.കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കി. പിറ്റേന്ന് രാവിലെ സമാനമായ അവസ്ഥയിൽ വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ സ്കാൻ ചെയ്തു. കുഞ്ഞ് മരിച്ചതായി കണ്ടെത്തിയതോടെ ആംബുലൻസിൽ പവിത്രയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. തൈക്കാട് ആശുപത്രിയിലെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് പിതാവ് ലിബു തുടക്കം മുതൽ ആരോപിച്ചിരുന്നു. 18ന് ശസ്ത്രക്രിയയിലൂടെ മൃതദേഹം പുറത്തെടുത്ത് ഫോർമലിനിൽ സൂക്ഷിച്ചു. തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തി. പൊലീസ് നടപടി പൂർത്തിയായില്ലെന്ന കാരണത്താൽ ഓട്ടോബയോപ്സിയ്ക്ക് വിട്ടില്ല. ഇതോടെയാണ് പിതാവ് ലിബു ഇന്നലെ രാവിലെ പ്രതിഷേധം തുടങ്ങിയത്. പൊലീസ് എത്തിയപ്പോൾ തൈക്കാട് ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ ലഭിച്ചില്ലെന്നായി എസ്.എ.ടി അധികൃതർ. മെഡിക്കൽ കോളേജ് പൊലീസ് തൈക്കാട് ആശുപത്രി അധികൃതരോട് ചികിത്സാ വിവരങ്ങൾ തേടി. അതു കൈമാറിയതോടെ ഓട്ടോബയോപ്സി പൂർത്തിയാക്കി വൈകിട്ട് 3.30തോടെ മൃതദേഹം ബന്ധുക്കൾക്ക് നൽകി. കഴക്കൂട്ടത്തെ വീട്ടുവളപ്പിൽ അടക്കം ചെയ്തു.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് തമ്പാനൂർ പൊലീസിന് അന്വേഷണം കൈമാറി.ലിബുവിന്റെയും പവിത്രയുടെയും രണ്ടാമത്തെ കുഞ്ഞായിരുന്നു.
മൃതദേഹം വിട്ടു നൽകാൻ ബോധപൂർവം കാലതാമസം വരുത്തി,കുഞ്ഞിന്റെ മരണകാരണം അറിയാൻ പത്തോളജിക്കൽ ഓട്ടോപ്‌സി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
-ലിബു
പിതാവ്.