തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം നിർമ്മാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15നകം സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതു സംബന്ധിച്ച് നടന്ന ഉദ്യോഗസ്ഥതല യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് നിവാരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് നിർമ്മാണത്തിനായി കുഴിയെടുത്ത് വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കും.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ ചർച്ചകളും ആസൂത്രണവും നടത്തും. വിവിധ വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ യോജിച്ചുള്ള പ്രവർത്തനം നടത്തി 23നകം വെള്ളക്കെട്ടിന് പ്രശ്‌നപരിഹാരമുണ്ടാക്കും.
ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകണം.കളക്ടർ ഇത് സർക്കാരിന് കൈമാറും. ദിവസവും വൈകിട്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കളക്ടർ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.