രാവിലെയും ഉച്ചയ്ക്കും സുപ്രധാന യോഗങ്ങൾ.

തിരുവനന്തപുരം : ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയ ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നഴ്സിംഗ് പ്രവേശനത്തിലെ തടസങ്ങൾ മാറ്റാനും മന്ത്രി വീണാ ജോർജ് നേരിട്ട് ചർച്ച നടത്തുന്നു. ഇന്ന് രാവിലെയും ഉച്ചയ്ക്കും രണ്ട് സുപ്രധാന യോഗങ്ങൾ മന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. നഴ്സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം പരിഹരിക്കാൻ രാവിലെ 11നാണ് യോഗം. പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനും ഒറ്റയ്ക്ക് നിൽക്കുന്ന 34 കോളേജ് പ്രതിനിധികളും പങ്കെടുക്കും. ജി.എസ്.ടി പ്രശ്‌നവും അഫിലിയേഷൻ പുതുക്കാത്തതും യോഗത്തിൽ ചർച്ചയാകും. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.

മെഡിക്കൽ കോളേജുകളിൽ തുടർച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവുകൾ സംബന്ധിച്ച ചർച്ച ഉച്ചയ്ക്ക് ശേഷം നടക്കും. ആശുപത്രി അധികൃതരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നത് വകുപ്പിന് അപമാനമായതായും സാധാരണക്കാരന് സർക്കാർ ആശുപത്രികളിൽ വിശ്വാസം നഷ്ടപ്പെടുന്നതായും വിലയിരുത്തിയാണ് അടിയന്തര യോഗം. ആശുപത്രികളുടെ തലപ്പത്ത് ഉൾപ്പെടെ മാറ്റങ്ങൾ സർക്കാരിന്റെ ആലോചനയിലുണ്ട്.