തിരുവനന്തപുരം:ഇന്നലെ രാത്രി വൈകിയും മഴ തുടർന്നതോടെ നഗരത്തിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയലായി.ഗൗരീശപട്ടം,കണ്ണമ്മൂല,ജഗതി എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. രാവിലെ തുടങ്ങിയ മഴയിൽ പലയിടത്തും മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വെൺപാലവട്ടത്ത് ഞാവൽ മരത്തിന്റെ ചില്ലകൾ വീണ് രണ്ടു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.തിരുവല്ലം ഇടയാറിൽ ആഞ്ഞിലും തെങ്ങും റോഡിലേയ്ക്ക് വീണു.ചാക്ക ഫയർ ഫോഴ്സെത്തി ചില്ലകൾ വെട്ടിമാറ്റി.കവടിയാറിൽ നിന്ന് അമ്പലമുക്കിലേയ്ക്ക് പോകുന്ന വഴിയിൽ അപകടകരമായി റോഡിലേയ്ക്ക് ചാഞ്ഞുനിന്ന വാകമരം വൈകിട്ട് 4.30ഓടെ ചെങ്കൽച്ചൂള ഫയർഫോഴ്സെത്തി വെട്ടിമാറ്റി. തിരുമല പുന്നയ്ക്കാമുകൾ വിജയമോഹിനി മില്ലിന് സമീപത്തുള്ള തണൽമരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞ് അടുത്തുള്ള ചായക്കടയിലേയ്ക്ക് വീണു. ആളപായമില്ല. മുടവൻമുകളിൽ ആൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് കെ.എസ്.ഇ.ബി ലൈനിലേയ്ക്ക് വീണ് വൈദ്യുതി തടസപ്പെട്ടു. രാത്രി 8.15ഓടെ തൈയ്ക്കാട് പൊലീസ് ട്രെയിനിംഗ് ഗ്രൗണ്ടിന് സമീപം വർഷങ്ങൾ പഴക്കമുള്ള മാവ് കടപുഴകി വീണു.മാവിനോട് ചേർന്ന് നിലകൊണ്ട മതിൽ പൂർണമായും ഇടിഞ്ഞു. മാവിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾക്കും കേടുപാടുകൾ ഉണ്ടായി.ചെങ്കൽചൂള ഫയർഫോഴ്സ് മൂന്നുമണിക്കൂർ എടുത്ത് മരം മുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.