തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കവർച്ചയ്ക്കുള്ള അവസരമാക്കി മോഷ്ടാക്കൾ.ജില്ലയിൽ രണ്ടിടത്ത് കടയിൽ സാധനം വാങ്ങനെത്തിയവർ കടയുടമയുടെ മാല പൊട്ടിച്ചെടുത്തു.പേട്ടയിലും ചെറിയതുറയിലുമാണ് സംഭവം.
മഴയായതിനാൽ അധികമാരും കടയിലും പരിസരത്തും ഇല്ലാത്തതാണ് കുറ്റവാളികൾ അവസരമാക്കിയത്. പേട്ട പുള്ളി ലൈനിൽ ഫാൻസിക്കട നടത്തുന്ന ക്രിസ്റ്റി ഭായ് എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്.ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. സാധനം വാങ്ങാനെത്തിയ 35 വയസ് തോന്നിക്കുന്ന ആളാണ് പ്രതിയെന്നാണ് സൂചന. സാധനമെടുക്കാൻ യുവതി തിരിഞ്ഞപ്പോൾ പിന്നിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇയാൾ കടന്നുകളഞ്ഞു. ആളെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.ഇവരുടെ പരാതിയിൽ പേട്ട പൊലീസ് സ്ഥലത്തെ സി.സി ടിവി പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
ചെറിയതുറയിൽ കനത്ത മഴയ്ക്കിടയിൽ വൃദ്ധയുടെ മാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം കടന്നു. ഇന്നലെ വൈകിട്ട് 6ഓടെ ചെറിയതുറ കടൽപ്പുറത്ത് പെട്ടിക്കട നടത്തുന്ന മെറ്റിൽഡയുടെ (51) മാലയാണ് പൊട്ടിച്ചത്. ബൈക്ക് ഓടിച്ചയാൾ വണ്ടി നിറുത്തി കടയിൽ വെള്ളമുണ്ടോയെന്ന് ചോദിക്കുന്നതിനിടെ, പിൻസീറ്റിൽ ഇരുന്നയാൾ കടയ്ക്കകത്തേക്ക് കയറി രണ്ടര പവന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. വൃദ്ധ ചെറുത്തതോടെ മാലയുടെ പകുതി മാത്രമാണ് സംഘത്തിന്റെ കൈയിൽ കിട്ടിയത്. വലിയതുറ പൊലീസ് കേസെടുത്തു