kuzhi

വിതുര: വിതുര പാലോട് റോഡിൽ മേലേകൊപ്പം ജംഗ്ഷന് സമീപം പൊന്നാംചുണ്ട്, തെന്നൂർഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ വശത്തുള്ള അപകടക്കുഴി നികത്തി. കുഴി രൂപാന്തരപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും നികത്താത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിർദ്ദിഷ്ട മലയോരഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്ത് അടുത്തിടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നതോടെയാണ് ഇവിടെ കുഴി രൂപാന്തരപ്പെട്ടത്. മഴയായതോടെ ഗർത്തം കൂടുതൽ വലുതായി. പൊന്നാംചുണ്ട്, നരിക്കല്ല്, തെന്നൂർ, പെരിങ്ങമ്മല പാലോട്, ഇക്ബാൽകോളേജ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന പാതയാണിത്. ഈ കുഴിയിൽവീണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൊപ്പം റോഡിലെ കുഴി അടിയന്തരമായി മൂടണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ. റോഡിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രനും അധികൃതർക്ക് പരാതിനൽകിയിരുന്നു. അപകടങ്ങൾ തുടർക്കഥയായതോടെ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ കഴിഞ്ഞ ദിവസം കുഴിനികത്തുകയായിരുന്നു.