കല്ലമ്പലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ വാവാ സുരേഷ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.തുടർന്ന് പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ കാറിൽ അതുവഴി വരികയായിരുന്ന വാവ സുരേഷ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പുതുശ്ശേരിമുക്ക് ഇടവൂർക്കോണം കരുണ മന്ദിരത്തിൽ കിരൺ രാജേന്ദ്ര പ്രസാദിനാണ് (25) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 12ന് ശേഷമായിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ചാത്തൻപാറ ആശുപത്രി കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി കുറ്റിക്കാട്ടിൽ നിന്ന് പന്നി ബൈക്കിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ ബാഡ്‌മിന്റൺ കളിക്കാരനായ കിരണിന്റെ തോളെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഒരു മാസത്തോളം വിശ്രമം ആവശ്യമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.