കടയ്ക്കാവൂർ: കടയ്ക്കാവൂർ,​ അഞ്ചുതെങ്ങ്,​ ചിറയിൻകീഴ് പ്രദേശത്തേക്ക് നിരവധി ട്രാൻസ്പോർട്ട് ബസുകൾ ഓടിയിരുന്നതാണ്. എന്നാൽ കൊവിഡ് വന്നതോടെ ഇവ നിറുത്തലാക്കി. ഇതോടെ പ്രദേശത്തുകാരുടെ യാത്രാ ദുരിതവും തുടങ്ങി. എന്നാൽ കൊവിഡ് കഴിഞ്ഞ് ജനജീവിതം പഴയപടിയായിട്ടും നിറുത്തലാക്കിയ സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല.

ആറ്റിങ്ങലിൽ നിന്നും കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ, വർക്കല ക്ഷേത്രം- കടയ്ക്കാവൂർ - ആറ്റിങ്ങൽ വഴി കോവളം, കാപ്പിൽ- ആറ്റിങ്ങൽ -തിരുവനന്തപുരം രണ്ട് ബസുകൾ, കടയ്ക്കാവൂർ- ആലംകോട് വഴി കൊല്ലം, കടയ്ക്കാവൂർ- പാങ്ങോട്, കടയ്ക്കാവൂർ- പാലോട്, കടയ്ക്കാവൂർ- മടത്തറ, കടയ്ക്കാവൂർ-ചിറയിൻകീഴ് വഴി തിരുവനന്തപുരം തുടങ്ങി അനവധി ട്രാൻസ്പോർട്ട് ബസുകൾ കടയ്ക്കാവൂരിൽ നിന്നുണ്ടായിരുന്നു. കൊവിഡിന് ശേഷം ബസ്‌സർവീസ് പുനഃരാരംഭിക്കണമെന്ന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടപ്പോൾ റോഡ് മോശമാണെന്നും റോഡിന്റെ പണി തീർന്നാൽ ഉടൻ സർവീസുകൾ പുനഃരാരംഭിക്കുമെന്നും പറഞ്ഞു. ആലംകോട്- കടയ്ക്കാവൂർ വരെയുള്ള റോഡ് പണിതീർന്നിട്ടും ബസ് സർവീസുകൾ മാത്രം വന്നില്ല. എത്രയും വേഗം ബസ് സർവീസ് പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.