മലയിൻകീഴ് : കാൽനട - വാഹന യാത്രികരുടെ കണ്ണൊന്ന് തെറ്റിയാൽ അപകടമുണ്ടാകുന്ന വിധത്തിലാണ് മലയിൻകീഴ് - പേയാട് റോഡിന്റെ അവസ്ഥ. തോരാതെയുള്ള മഴയിൽ റോഡിലാകെ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മലയിൻകീഴ് ജംഗ്ഷനിലും ഊരൂട്ടമ്പലം റോഡ് ആരംഭിക്കുന്നിടത്തും കാട്ടാക്കട റോഡിലെ മലയിൻകീഴ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലും കുഴിയും വെള്ളക്കെട്ടുമാണ്. ട്രഷറി റോഡ് ആരംഭിക്കുന്നിടത്തും വൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി തീർന്നിട്ടുണ്ട്. കൃത്യമായി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കുഴികൾ മൂടുന്നതിനായി ഈർപ്പമുള്ള മണ്ണും പാറവേസ്റ്റും കുഴികളിൽ ഇട്ടെങ്കിലും മഴവെള്ളത്തിൽ ഒലിച്ചു പോയതിനാൽ വീണ്ടും അപകടക്കെണിയായി തീർന്നു. ട്രഷറി റോഡിന് സമീപത്തും ക്ഷേത്ര ജംഗ്ഷനിലും പൈപ്പിനായെടുത്ത കുഴികൾ മൂടാതെ കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാവാറുണ്ട്. കുഴികളിൽ മണ്ണ് നീക്കിയിട്ട് പോയ വാട്ടർ അതോറിട്ടി അധികൃതർ റോഡ് നവീകരിക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നും നിശ്ചിത തുക ഒടുക്കിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്നുമാണ് പറയുന്നത്. റോഡിലെ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി തീർന്ന റോഡ് മഴപെയ്തതോടെ തിരിച്ചറിയാനാവാത്തവിധം ആറായി മാറി. മലയിൻകീഴ്, പേയാട്, കാട്ടാക്കട ജംഗ്ഷനുകൾ നവീകരിച്ച് റിംഗ് റോഡുകൾ നിർമ്മിക്കുന്നതിന് 400 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപനങ്ങൾ വന്നെങ്കിലും നവീകരണ പ്രവർത്തനങ്ങൾ മാത്രമുണ്ടായില്ല. ഇതുവഴി പോകുന്നവർ ഇപ്പോഴും ജീവൻ പണയപ്പെടുത്തി പോകേണ്ട ഗതികേടിലാണ്.
അഴിയാത്ത ഗതാഗതക്കുരുക്ക്
മലയിൻകീഴ്, പേയാട് ജംഗ്ഷനുകളിൽ ഏത് സമയവും ഗതാഗതക്കുരുക്കാണ്. ഇതുവഴിയുള്ള അപകടക്കടമ്പ കടക്കാൻ മണിക്കൂറുകളെടുക്കുമെന്ന് യാത്രക്കാർ പറയുന്നു. മലയിൻകീഴ് ജംഗ്ഷനിൽ രാവിലെയും വൈകിട്ടും നിയന്ത്രിക്കാനാവാത്ത വിധം ഗതാഗതക്കുരുക്കും തിരക്കുമാണ്. നിയന്ത്രിക്കാൻ ഒരു ഹോംഗാർഡ് മാത്രമേ ഇവിടെയുള്ളൂ. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ 54 പൊലീസുകാരും 4 എ.എസ്.ഐ, ഒരു സി.ഐ, ഒരു പ്രിൻസിപ്പൽ എസ്.ഐ, വനിതാ പൊലീസ് എന്നിവരുണ്ടെങ്കിലും തിരക്കേറിയ സമയത്തുപോലും പൊലീസിന്റെ സേവനം ഉണ്ടാവാറില്ല. പേയാട്, മലയിൻകീഴ് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് യാത്രക്കാർ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. മലയിൻകീഴ് ജംഗ്ഷനിലെ റോഡിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
അധികൃതർ വിമുഖത കാട്ടുന്നു
മലയിൻകീഴ് ജംഗ്ഷനുൾപ്പെട്ട റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാൻ അധികൃതർ വിമുഖത കാട്ടുന്നുവെന്നാണ് ആക്ഷേപം. കുഴികളിൽ ടാർ പായ്ക്കറ്റ് കൊണ്ടിട്ടും മണ്ണ് കോരിയിട്ടും കുഴി അടച്ചെങ്കിലും തൊട്ടുപിന്നാലെ പെയ്ത മഴയിലും പൈപ്പ് പൊട്ടി വെള്ളം പാഞ്ഞും റോഡ് പഴയതിനേക്കാൾ കുഴികളായി തീർന്നിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയായ മലയിൻകീഴ് - പേയാട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.