ep-jayarajan

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദത്തിൽ ഗൂഢാലോചന ആരോപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ ജയരാജൻ കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വന്നാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.

പരാതിയിൽ ജയരാജന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ഉടൻ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. കേസെടുക്കാനാവശ്യമായ തെളിവുകളോ രേഖകളോ ജയരാജൻ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ജാവദേക്കർ - ജയരാജൻ കൂടിക്കാഴ്ച വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. തുടർന്നാണ് വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയ​രാജൻ പരാതി നൽകിയത്. ശോഭാ സുരേന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയായിരുന്നു ജയരാജന്റെ പരാതി.