vellakkettu

മുടപുരം: ബൈപാസ് നിർമ്മാണമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ആശങ്കയായി വെള്ളക്കെട്ട്. രണ്ടു ദിവസമായി പെയ്യുന്ന വേനൽ മഴയിൽ തന്നെ വെള്ളക്കെട്ട് രൂക്ഷമായത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. വാമനപുരം നദിയോട് ചേർന്ന് ബൈപാസ് നിർമ്മാണം നടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. നാഷണൽ ഹൈവേ 66ൽ മാമം ഭാഗത്തുനിന്ന് ആരംഭിച്ച് മണമ്പൂർ പഞ്ചായത്തിലെ ആഴാംകോണത്ത് അവസാനിക്കുന്ന ബൈപാസിനായി ഏറ്റെടുത്ത ഭൂമിയിൽ 70 ശതമാനത്തിലേറെയും ഏലായാണ്.നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളും നീർച്ചാലുകളുമൊക്കെ മണ്ണിട്ട് നികത്തിയിരുന്നു. ഭൂരിഭാഗം ഏലായുടെയും മദ്ധ്യേ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡിന് കുറുകെ ജലം ഒഴുകിപോകുന്നതിനാവശ്യമായ ഓടകൾ നിർമ്മിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വർഷം പെയ്ത ശക്തമായമഴയിൽ വാമനപുരം നദി കരകവിഞ്ഞ് കിഴുവിലം പഞ്ചായത്തിലും മറ്റ് മേഖലകളിലും പല വീടുകളിലും വെള്ളം കയറിയിരുന്നു.