k

തിരുവനന്തപുരം: 'ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവച്ചിട്ടാണ് അവൻ പോയത്. ആ ചിരി മനസിൽ നിന്ന് മായുന്നില്ല..' ചാക്ക ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്ത് മരിച്ചിട്ട് ഇന്ന് ഒരുവർഷം തികയുമ്പോൾ സഹപ്രവർത്തകർ രഞ്ജിത്തിനെ വേദനയോടെ ഓർത്തെടുത്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേനംകുളം ഗോഡൗണിലുണ്ടായ തീപിടിത്തത്തിനിടെ ഭിത്തി തകർന്ന് വീണാണ് ഫയർമാൻ രഞ്ജിത്ത് മരിച്ചത്.

പുലർച്ചെ 2.05ഓടെയാണ് മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തിന്റെ വാർത്ത സ്റ്റേഷനിലെത്തിയത്. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് അന്ന് ഡബിൾ ഡ്യൂട്ടിയിലായിരുന്നതിനാൽ സ്റ്റേഷനിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. കാൾ വന്നയുടൻ രഞ്ജിത്ത് ഉൾപ്പെട്ട സംഘം പുറപ്പെട്ടു. വലിയ അഗ്നിനാളങ്ങളെ കെടുത്തുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുകളിൽ നിന്ന് രഞ്ജിത്തിന്റെ ദേഹത്തേക്ക് പതിച്ചു. പെണ്ണുകാണാൻ പോകുന്നതിന്റെ തലേദിവസമായിരുന്നു ദുരന്തം. മരണശേഷം ര‌ഞ്ജിത്തിന്റെ കണ്ണുകൾ തിരുവനന്തപുരം സ്വദേശിക്ക് ദാനം ചെയ്തിരുന്നു. ക്രിക്കറ്റ് ഏറെ ഇഷ്ടമായിരുന്ന രഞ്ജിത്തിന്റെ ഓർമ്മയ്ക്കായി ക്രിക്കറ്റ് ടൂർണമെന്റും സഹപ്രവർത്തകർ ഇന്ന് നടത്തും.

കണ്ണുംനട്ട് സൂസി


രഞ്ജിത്തിന്റെ മരണശേഷം ഫയർ സ്റ്റേഷനിലെ അരുമനായ സൂസിയുടെയും ഉത്സാഹം നഷ്ടമായി. തെരുവിൽ നിന്ന് അഞ്ചുവർഷം മുമ്പ് ഉദ്യോഗസ്ഥർ എടുത്തുവളർത്തിയ സൂസിക്ക് ഇപ്പോൾ അഞ്ചുവയസായി. അവളെ പരിപാലിക്കാൻ രഞ്ജിത്തിനായിരുന്നു ഉത്സാഹം. ആംബുലൻസിൽ രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനിൽ എത്തിച്ചപ്പോൾ സൂസി അസ്വസ്ഥയായി പുറത്തേക്കോടി. രഞ്ജിത്തിന്റെ അനുസ്മരണം ഇന്ന് രാവിലെ 10.30ന് ചാക്ക ഫയർ സ്റ്റേഷനിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ.പദ്മകുമാറും രഞ്ജിത്തിന്റെ കുടുംബവും പങ്കെടുക്കും.