കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വാഴോട് മുതൽ ഇരട്ടച്ചിറ, കിളിമാനൂർ പുതിയകാവ് വരെയുള്ള കെ.എസ്.ടി.പി, പി.ഡബ്ല്യൂ.ഡി, പഞ്ചായത്ത്‌വക ഭൂമിയിലെ കൈയേറ്റം കണ്ടെത്തുന്നതിന് റവന്യൂ, കെ.എസ്.ടി.പി, പി.ഡബ്ല്യൂ.ഡി, എൽ.എസ്.ജി.ഡി, പൊലീസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ അതിർത്തി നിർണയം നടത്തി പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനമായി.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, വാഴോട്, മണലേത്തുപച്ച ബൈപാസ് റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഈ പ്രദേശങ്ങളിലെ സ്ലാബുകൾ ഇളക്കി വൃത്തിയാക്കാനും തോടുകൾ, ജലാശയങ്ങൾ എന്നിവ ശുചീകരിക്കാനും ഒ.എസ്. അംബിക എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

കിളിമാനൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും വില്പനയും വ്യാപകമാണെന്നുള്ള പരാതിയിന്മേൽ അത്തരം ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെയും എക്സൈസിന്റെയും കർശന പരിശോധനയ്ക്ക് നിർദേശം നൽകുകയും അത്തരത്തിൽ കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദു ചെയ്ത് കടകൾ പൂട്ടി സീൽ ചെയ്യുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എസ്. സിബി, ദീപ. എസ്, പഞ്ചായത്ത്‌ അംഗങ്ങളായ ഗിരിജകുമാരി, ഷീജ സുബൈർ, രതി പ്രസാദ്, എസ്. അനിൽകുമാർ, സുമ, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.