s

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വകുപ്പുതല സ്ഥാനക്കയറ്റത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്ന് എഫ്.യു.ടി.എ ജനറൽസെക്രട്ടറി ഡോ.എസ്.നസീബ് പറഞ്ഞു.

2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം കോൺട്രാക്ട് വ്യവസ്ഥയിലെ അദ്ധ്യാപനപരിചയവും അദ്ധ്യാപകരുടെ കരിയർ അഡ്വാൻസ്മെൻറിന് അദ്ധ്യാപന പരിചയമായി പരിഗണിക്കാം. കേരള സർവകലാശാലയിലടക്കം ഇതുപ്രകാരമുള്ള പ്രൊമോഷനുകളും നിയമനങ്ങളും നടന്നിട്ടുണ്ട്. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് നേടിയ മുൻകാല അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ്, കേരള സർവകലാശാലയിൽ സമർപ്പിച്ചിരുന്നു. സമാനമായ അദ്ധ്യാപനപരിചയങ്ങൾ കരിയർ അഡ്വാൻസ്‌മെൻറിന് പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവുകളും ഹാജരാക്കിയിട്ടുണ്ട്.

സ‌‌ർവ്വീസ് ചട്ടപ്രകാരം അത് പരിശോധിച്ച് യോഗ്യമെങ്കിൽ ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ടത് തന്റെ സർവ്വീസ് അവകാശമാണ്.അതിൽ കാലതാമസം വരുത്തിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചു.ബന്ധപ്പെട്ട രേഖകൾ വിലയിരുത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവ് നൽകണമെന്ന് വിധിയുണ്ടായി.ഇതിനെ ചിലർ പ്രൊഫസറാകാനുള്ള അപേക്ഷയാക്കിയത് രാഷ്ട്രീയ തിമിരമാണെന്നും നസീബ് കുറ്റപ്പെടുത്തി.