തിരുവനന്തപുരം: ചെറിയ മഴയിൽ പോലും നഗരം മുങ്ങുന്ന സാഹചര്യത്തിൽ പൊടിക്കൈ നടപടികൾക്ക് പകരം നഗരത്തിൽ സമ്പൂർണമായ പദ്ധതികൾ നടപ്പാക്കണം.രണ്ടു തട്ടിലിരുന്നു പഴിചാരുന്ന ജില്ലാ ഭരണകൂടവും നഗരസഭയും ഒന്നിച്ചു പ്രവർത്തിച്ചാൽ തീരുന്ന പ്രശ്നമേ നഗരത്തിലുള്ളൂ.പ്രഖ്യാപിച്ച പദ്ധതികളിൽ നഗരത്തിന്റെ വെള്ളക്കെട്ട് ലഘൂകരണത്തിനുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇപ്പോൾത്തന്നെ നടപ്പാക്കാൻ ആരംഭിച്ചാൽ അടുത്ത വെള്ളപ്പൊക്കത്തിൽ നഗരം മുങ്ങില്ല.

2015ൽ സിറ്റി ഡിസാസ്റ്റർ പ്ളാൻ എന്ന തരത്തിൽ വെള്ളപ്പൊക്ക ലഘൂകരണത്തിന് പഠനം നടത്തിയെങ്കിലും അതിലെ റിപ്പോർട്ട് ഫയലിലൊതുങ്ങി. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി സിറ്റി ഡിസാസ്റ്റർ പ്ളാൻ ഉൾപ്പെടുത്തിയെങ്കിലും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്ന നടപടികളൊന്നും നഗരത്തിൽ പ്രാവർത്തികമാക്കിയില്ല. അന്നത്തെ പഠനത്തിലും ഓടകളുടെ അശാസ്ത്രീയ നിർമ്മാണം ചൂണ്ടിക്കാണിച്ചിരുന്നു. തോടുകളുടെ വീതി പലസ്ഥലത്തും കുറഞ്ഞത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. കൈയേറ്രങ്ങളാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിച്ചിരുന്നു. ഓടകളിലെയും തോടുകളിലെയും മാലിന്യനിക്ഷേപവും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് പഠനത്തിലുണ്ടായിരുന്നു. എന്നാൽ അക്കാര്യങ്ങളൊന്നും എട്ട് വർഷത്തിനിപ്പുറവും പ്രാവർത്തികമാക്കിയിട്ടില്ല.

നഗരത്തിൽ വേണം സമ്പൂർണ

ഡ്രെയിനേജ് സംവിധാനം

ഓടകൾ കൂടുതലുള്ള നഗരത്തിൽ സമ്പൂർണ ഡ്രെയിനേജ് പ്ളാനാണ് വേണ്ടത്. ഇതുവരെ കൃത്യമായ ഡ്രെയിനേജ് രൂപരേഖയില്ലാതെയാണ് മുന്നോട്ടു പോകുന്നത്.ഈ സാഹചര്യത്തിൽ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് നഗരത്തിൽ ഒരു ഡ്രെയിനേജ് പ്ളാൻ വേണമെന്ന നിർദ്ദേശമുണ്ടായിരുന്നു. നല്ലൊരു ഡ്രെയിനേജ് പ്ളാനിലൂടെ മികച്ചൊരു ഡ്രെയിനേജ് സിസ്റ്റം നഗരത്തിൽ സ്ഥാപിക്കാം. ചുരുങ്ങിയ കാലം കൊണ്ട് നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. നഗരം വളരുന്നതിനനുസരിച്ച് കൃത്യമായ രൂപരേഖയില്ലാതെ നിർമ്മിക്കുന്ന ഡ്രെയിനേജ് സംവിധാനമാണ് കാലാകാലങ്ങളായി നടപ്പിലാക്കുന്നത്. നഗരത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായി ഓടകളിലെ വെള്ളവും മഴവെള്ളവും കെട്ടി നിൽക്കാതെ ഒഴുകി പോകാനുള്ള കാര്യങ്ങളെപ്പറ്റി വിശദീകരിക്കുന്ന രൂപരേഖയാണ് ഡ്രെയിനേജ് പ്ളാൻ. സാധാരണ പെയ്യുന്ന മഴയിലും,ശക്തമായി ചെയ്യുന്ന മഴയിലും നഗരത്തിലെത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ്,ഒഴുക്ക് തുടങ്ങിയവ കണ്ടെത്തി ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഡ്രെയിനേജ് സിസ്റ്റത്തിന്റെ നിർമ്മാണം.നഗരത്തിലെ ആകെ ഓടകളുടെ എണ്ണം,കുളങ്ങളുടെ എണ്ണം,കൈവഴികൾ,പുഴകൾ എന്നിവയും കണ്ടെത്തണം. മഴവെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് ഏതു തരത്തിൽ എവിടെയാണ് ഓടകൾ നിർമ്മിക്കേണ്ടത് എന്നിവയെക്കുറിച്ചും സർവേ നടത്തണം.നിലവിലുള്ള ഓടകൾ ഏതുതരത്തിൽ മാറ്റി പുനർക്രമീകരിക്കണം, വെള്ളമെത്തുന്ന കൈവഴികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് പുനർക്രമീകരിക്കുകയോ അതിന് പറ്റിയില്ലെങ്കിൽ പുനർ നിർമ്മിക്കുകയോ വേണം.ഈ ഓടകളിൽ കടകളിലും വീടുകളിലും നിന്നുള്ള മാലിന്യം കലർന്ന് മഴവെള്ളം മലിനജലമാകാതെയുള്ള സംവിധാനവും ഏർപ്പെടുത്തണം.

ഏകോപനം വേണം

പ്ളാനിനുവേണ്ടി വിവിധ വകുപ്പുകളുടെ ഏകോപനത്തിലുള്ള തുടർപഠനം വേണം.അതിന് നഗരസഭ തന്നെ മുൻകൈയെടുക്കണം. ജലം,പൊതുമരാമത്ത്,ജിയോളജി വകുപ്പുകളും മുൻകൈയെടുക്കേണ്ടതുണ്ട്. നഗരവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ഡ്രെയിനേജ് രൂപരേഖയിലെ പദ്ധതികൊണ്ട് ശമനമുണ്ടാകുമെങ്കിൽ നഗരസഭതന്നെ പദ്ധതി നടപ്പാക്കാൻ മുൻകൈയെടുക്കണം.