തിരുവനന്തപുരം: സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്കാ ബീവി. അതേസമയം, അമ്മയ്ക്കും മകനും വധശിക്ഷ കിട്ടുന്നത് ആദ്യം. ഈ കേസിൽ റഫീക്കാബിവിക്കൊപ്പം മകൻ ഷെഫീഖിനെയുമാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ പ്രതി തമ്പിയുടെ ഭാര്യ ബിനിത കുമാരിക്കായിരുന്നു അത്. അന്ന് 35വയസായിരുന്നു ബിനിതയ്ക്ക്. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.
തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.
ഒടുവിലെ വധശിക്ഷ
33 വർഷം മുമ്പ്
ഇന്നലെ വിധിച്ചതടക്കം 54പേരാണ് കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25പേർ. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുമ്പ്. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.
തൂക്കാൻ പ്രതിഫലം 2ലക്ഷം
ജയിലുകളിൽ ആരാച്ചാർമാരുടെ സ്ഥിരംതസ്തികയില്ല. വധശിക്ഷ നടപ്പാക്കേണ്ടിവന്നാൽ 2ലക്ഷം രൂപപ്രതിഫലത്തിന് താത്കാലികമായി നിയമിക്കും. കഴുമരങ്ങൾ കണ്ണൂർ ജയിലിൽ രണ്ട്, പൂജപ്പുരയിൽ ഒന്ന്
നേരത്തേ ആരാച്ചാർക്കായി ഇന്റർവ്യൂ നടത്തിയപ്പോൾ എൻജിനിയറിംഗ് ബിരുദധാരികളും എം.ബി.എക്കാരുമടക്കം പങ്കെടുത്തു.
വധശിക്ഷ കിട്ടിയവർ
ഉത്തർപ്രദേശ്-------------100
ഗുജറാത്ത്------------------61
ജാർഖണ്ഡ്------------------46
മഹാരാഷ്ട്ര-----------------39
ഡൽഹി----------------------30