തിരുവനന്തപുരം: വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ജയിൽ മോചിതർക്ക് നൽകിയ മംഗളപത്രം, സത്യഗ്രഹം സംബന്ധിച്ച് പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് -വൈലോപ്പിള്ളി സംസ്കൃതി ഭവൻ കോമ്പൗണ്ടിലെ ആർക്കൈവ്സ് ഡയറക്ടറേറ്റിൽ ആർക്കൈവ്സ് വകുപ്പ് നടത്തുന്ന പ്രദർശനം ഇന്നലെകളിലേക്കുള്ള തിരിച്ചുപോക്കാണ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ പ്രദർശനത്തിൽ ഇടംനേടിയിട്ടുണ്ട്. ശ്രീനാരായണഗുരു സത്യഗ്രഹികൾക്ക് താമസിക്കുന്നതിന് വിട്ടുനൽകിയ വെല്ലൂർ മഠത്തിന്റെ ചിത്രവും കുമാരനാശാൻ, നെഹ്റു, പി.കേശവദേവ് അടക്കമുള്ളവരുടെ സന്ദേശങ്ങളും പ്രദർശനത്തിലുണ്ട്. മഹാത്മാഗാന്ധി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ കൈയൊപ്പ് കാണാനും ധാരാളം പേരെത്തുന്നുണ്ട്.

1971ൽ എം.പിയായിരിക്കേ അറ്റോമിക്ക് എനർജിയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയോട് രാമചന്ദ്രൻ കടന്നപ്പള്ളി ചോദിച്ച ചോദ്യങ്ങളുടെ പകർപ്പും പ്രദർശനത്തിലുണ്ട്.

24 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.