അച്ഛന്റെ ജന്മശതാബ്ദി, അച്ഛന് ജീവിതവും ജീവനുമായി വളർന്നുവലുതായ പ്രസ്ഥാനത്തിന്റെ വജ്രജൂബിലി. രണ്ടിന്റെയും ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ മക്കളെത്തിയപ്പോൾ അതൊരു കുടുംബസംഗമമായി. കാർത്തിക തിരുനാൾ തിയേറ്ററിൽ തോപ്പിൽഭാസി ജന്മശതാബ്ദിയുടെയും കെ.പി.എ.സി വജ്രജൂബിലിയുടെയും ഉദ്ഘാടന ചടങ്ങിലാണ് ഭാസിയുടെ മക്കളായ അഡ്വ.തോപ്പിൽ സോമൻ, മാല, സുരേഷ് എന്നിവർ ഒത്തുചേർന്നത്. ചടങ്ങിനു പിന്നാലെ കെ.പി.എ.സി അവതരിപ്പിക്കുന്ന ഒളിവിലെ ഓർമ്മകൾ നാടകത്തിൽ സി.കെ.കുഞ്ഞിരാമന്റെ വേഷം അവതരിപ്പിക്കാൻ വേദിക്കു പിറകിൽ തോപ്പിൽ ഭാസിയുടെ സഹോദരനും കെ.പി.എ.സിയുടെ പ്രമുഖ നടനുമായിരുന്ന അന്തരിച്ച തോപ്പിൽ കൃഷ്ണപിള്ളയുടെ മകൻ പ്രദീപ് തോപ്പിൽ മുഖത്ത് ചായമിടുകയായിരുന്നു. എന്നും ഭാസിയുടെ 'അളിയ"നായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ മകൻ റാഫി കാമ്പിശ്ശേരിയും സന്നിഹിതനായിരുന്നു.