തിരുവനന്തപുരം:കരമന മരുതൂർകടവ് സ്വദേശി അഖിലി(26)നെ നടുറോഡിൽ ക്രൂരമായി അടിച്ചു കൊന്ന കേസിലെ പ്രതിയുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രണ്ടാം പ്രതി അഖിലിനെ തമിഴ്നാട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഖിൽ അപ്പു, തമിഴ്നാട്ടിലെ തിരുനെൽവേലി പൂതപാണ്ടിയിലാണ് ഒളിവിൽ താമസിച്ചത്. പിന്നീട് ഇയാൾ കീഴടങ്ങി. അഖിൽ സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പൂതപാണ്ടിയിലെ താമസ സ്ഥലത്തു നിന്നു കണ്ടെടുത്തു. 2019ലെ അനന്തുവധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അഖിൽ തിരുനെൽവേലിയിൽ ജോലിക്ക് പോയിരുന്നു. ഈ പരിചയംവച്ചാണ് പ്രതി ഇവിടെ ഒളിവിൽ പോയതെന്നും പോലീസ് പറഞ്ഞു.
കൊലപാതം നടന്ന മരുതൂർക്കടവിൽ വ്യാഴാഴ്ച പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. സംഘർഷത്തിന് സാധ്യതയുണ്ടെന്ന് സ്‌പെഷൽബ്രാഞ്ച് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പ്രതികളെ പുറത്തിറക്കാൻ സാധ്യതയില്ല.